ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് രാജ്യത്ത് ഇക്കുറി നടക്കുന്നത്. ഏപ്രിൽ 19-ാം തിയതി ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. വോട്ട് ചെയ്യാൻ ആദ്യം വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് മനസിലാക്കുകയാണ് വേണ്ടത്. വളരെ എളുപ്പത്തിൽ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് കണ്ടെത്താം. ഇത് മുതൽ പോളിംഗ് സ്റ്റേഷനിൽ വോട്ടിംഗ് ദിനം ചെയ്യേണ്ട നടപടിക്രമങ്ങൾ വരെയുള്ള എല്ലാ കാര്യങ്ങളും ലളിതമായി സമഗ്ര വീഡിയോയിലൂടെ പൊതുജനങ്ങളെ അറിയിച്ചിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം. നിങ്ങളുടെ പോളിംഗ് ബൂത്ത് എങ്ങനെ തിരിച്ചറിയാം. വോട്ട് ചെയ്യാനായി ബൂത്തിലെത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം. ഏതൊക്കെ അംഗീകൃത തിരിച്ചറിയൽ രേഖകളാണ് വോട്ടിംഗിനായി ഉപയോഗിക്കാൻ കഴിയുക. പോളിംഗ് ബൂത്തിൽ എന്തൊക്കെയാണ് നടപടിക്രമങ്ങൾ. എങ്ങനെയാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തേണ്ടത്. വോട്ട് രേഖപ്പെടുത്തപ്പെട്ടോ എന്ന് എങ്ങനെ അറിയാം… തുടങ്ങിയ വിവരങ്ങളാണ് വീഡിയോയിൽ ഇലക്ഷൻ കമ്മീഷൻ ഗ്രാഫിക്സുകളുടെ സഹായത്തോടെ വിവരിച്ചിരിക്കുന്നത്.
പതിനെട്ടാം ലോക്സഭയിലേക്ക് ഏഴ് ഘട്ടമായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 2024 ഏപ്രിൽ 19ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂൺ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയും പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 97 കോടിയോളം വോട്ടർമാരാണ് ഇക്കുറി സമ്മതിദാനം വിനിയോഗിക്കാൻ യോഗ്യരായുള്ളത്.