കൊല്ലം: ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. സദസിനെ പിടിച്ചിരുത്താൻ കെഎൻ ബാലഗോപാൽ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആളുകൾ ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തിൽ തന്നെ അതൃപ്തി അറിയിച്ച് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ അധ്യക്ഷനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവുമായ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി രംഗത്തെത്തി. അബ്ദുൾ അസീസ് മൗലവിയുടെ പ്രസംഗം തുടങ്ങിയ ഉടനെ മുഖ്യമന്ത്രിയും വേദി വിട്ടു.
പീരങ്കി മൈതാനത്തെ പൗരത്വ സംരക്ഷണ സദസിലായിരുന്നു സംഭവം. നോമ്പ് തുറന്ന് നിസ്കാരവും കഴിഞ്ഞ് ഇസ്ലാം മത പണ്ഡിതർ 7.15 ഓടെയാണ് ഇവിടേക്ക് എത്തിയത്. മുഖ്യമന്ത്രി ഏഴരയ്ക്ക് എത്തി. മന്ത്രിമാരായ ചിഞ്ചു റാണിയും കെ ബി ഗണേഷ് കുമാറുമാണ് ആദ്യം സംസാരിച്ചത്. ഇടത് സ്ഥാനാർത്ഥി എം.മുകേഷ് ഭരണഘടന വായിച്ചു. 7.40 ന് തുടങ്ങിയ മുഖ്യമന്ത്രിയുടെ പ്രസംഗം ഒരു മണിക്കൂർ നീണ്ടു. പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. യോഗത്തിന്റെ അധ്യക്ഷൻ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു നോക്കിയെങ്കിലും 90 ശതമാനം കസേരയും കാലിയായി. അതൃപ്തി മറച്ചു വയ്ക്കാതെ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി വിമര്‍ശിച്ചിട്ടും ഫലമുണ്ടായില്ല. അബ്ദുൾ അസീസ് മൗലവിയുടെ പ്രസംഗം തുടങ്ങിയ ഉടനെ മുഖ്യമന്ത്രിയും മടങ്ങി. മുഖ്യമന്ത്രിക്ക് ശേഷം പ്രസംഗിച്ച മത പണ്ഡിതർ ചുരുങ്ങിയ സമയത്ത് പ്രസംഗം നിർത്തി. ന്യൂനപക്ഷങ്ങളുടെ ആകുലതകളുടേയും ആശങ്കകളുടേയും അടിസ്ഥാനത്തിൽ നടത്തിയ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിലാണ് അവസാനിച്ചത്.