ഒരു ജോലി നേടാനും അതിൽ മുന്നേറാനും ഹിന്ദി പഠിക്കണമെന്ന് സോഹോ സ്ഥാപകനായ ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടു. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ശ്രീധർ വെമ്പു തന്റെ അഭിപ്രായം പറഞ്ഞത്. ഇതിനു മറുപടിയുമായി ഡി എം കെ നേതാവ് ശരവണൻ അണ്ണാദുരൈ രംഗത്തെത്തി. ഹിന്ദി ഭാഷ പഠനം അടിച്ചേല്പിക്കുന്നതിനെ ചൊല്ലി ഡിഎംകെ യും കേന്ദ്രവും തമ്മിലുള്ള അഭിപ്രായ വാക്പോരുകൾക്കിടയിലാണ് ശ്രീധർ വെമ്പു ഇതേ വാദവുമായി വന്നത്. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തമിഴ്നാട്ടിലെ ഗ്രാമീണർക്ക് ഹിന്ദി അറിയില്ലെന്നും അത് ബുദ്ധിമുട്ടാണെന്നുമാണ് വെമ്പു പറഞ്ഞത്. പ്രത്യേകിച്ച് ഹിന്ദി ഭാഷ സംസാരിക്കുന്ന സ്ഥലങ്ങളിലെ ആൾക്കാരുമായി ബന്ധപ്പെടുമ്പോൾ ഇതൊരു പരിമിതിയാണെന്നും വെമ്പു പറഞ്ഞു.

“വെമ്പുവിന് താല്പര്യമാണെങ്കിൽ സ്വന്തം സ്ഥാപനത്തിലെ ഉദ്യോഗാർത്ഥികളെ ഹിന്ദി പഠിപ്പിക്കാവുന്നതാണ്. താങ്കളുടെ “ബിസിനസിന് വേണ്ടി തമിഴ്നാട്ടിലെ വിദ്യാർഥികൾ എന്തിനു ഹിന്ദി പഠിക്കണം? മറ്റുള്ള സംസ്ഥാനത്തുള്ള കുട്ടികൾക്കു ഇംഗ്ലീഷിന്റെ അടിസ്ഥാന പാഠങ്ങളെങ്കിലും പഠിപ്പിക്കാൻ താങ്കൾക് കേന്ദ്രത്തോട് ആവശ്യപ്പെടാമല്ലോ” എന്നുമാണ് ഡി എം കെ വക്താവ് ശരവണൻ അണ്ണാദുരൈ നൽകിയ മറുപടി. ഹിന്ദി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട്ടിൽ ദിനംപ്രതി പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്.