തൃശൂരിൽ പുതിയ DCC പ്രസിഡന്റ്; ചരടുവലിയുമായി മുതിർന്ന കോൺഗ്രസ് നേതാവ്

തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നിൽ ആരാണ് ? തോൽവിക്ക് കാരണക്കാരെന്ന് ആരോപണം നേരിടുന്ന നേതാക്കളെ കെപിസിസി പ്രസിഡന്റ് സംരക്ഷിക്കുന്നതിന് പിന്നിലെ ലക്ഷ്യം എന്താണ്? ഒരർത്ഥത്തിൽ കോൺ​ഗ്രസിനകത്തെ ചാണക്യ തന്ത്രങ്ങൾക്കുള്ള വേദിയായി മാറുകയാണ് തൃശൂർ ഡിസിസി.

കഴിഞ്ഞ ഓഗസ്റ്റിൽ കെപിസിസിക്ക് കൈമാറിയ അന്വേഷണ റിപ്പോർട്ടിന് 30 പേജുകളാണുള്ളത്. മുൻമന്ത്രി കെ സി ജോസഫ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ടി സിദ്ധിഖ് എംഎൽഎ എന്നിവർ അടങ്ങുന്ന കമ്മിഷനാണ് കെപിസിസിയ്ക്ക് റിപ്പോർട്ട് കൈമാറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി അക്കൗണ്ട് തുറക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ രൂപീകരിച്ചത്.

കോൺഗ്രസ്


എന്നാൽ ബന്ധപ്പെട്ട കെപിസിസി അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായി. സംഭവത്തിൽ, ആഭ്യന്തര അന്വേഷണവും നടത്തി. എന്നാൽ മാസങ്ങൾക്ക്മുൻപേ ഒധ്യോ​ഗികമായി സമർപ്പിച്ച ആ റിപ്പോൾട്ട് കഴിഞ്ഞ ദിവസം പുറത്തായി. അവിടെ നിന്നുമാണ് തന്ത്രങ്ങൾ മെനയപ്പെടുന്നത്. ആ തന്ത്രങ്ങളുടെ ചുരുളുകളാണ് ഇനി അഴിയേണ്ടതും. റിപ്പോർട്ട് പുറത്ത് വിട്ടത് പാർട്ടിയിലുള്ളവർ തന്നെയെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടിന്റെ പകർപ്പ് എന്ന തരത്തിൽ പ്രചരിച്ച പേജുകൾ ആദ്യം ഫേസ്ബുക്കിൽ പങ്ക് വെച്ചത് അനിൽ അക്കരയാണ്. മാധ്യമങ്ങൾക്ക് പകർപ്പ് ലഭിക്കും മുന്നേ അനിൽ അക്കര റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വിട്ടിരുന്നു. തൊട്ട് പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

വാർത്തയും വിശദാംശങ്ങളും തിങ്കളാഴ്ച്ച പുലർച്ചെയാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ ഞായറായ്ച രാത്രി തന്നെ ഇങ്ങനെയൊരു റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വന്നെന്നും അത് വ്യാജമാണെന്നും വ്യക്തമാക്കിക്കൊണ്ട് റിപ്പോർട്ടിന്റെ കോപ്പി സാമൂഹ്യ മാധ്യമങ്ങളിൽ അനിൽ അക്കര പങ്കുവച്ചത് എങ്ങനെയാണ്? അദ്ദേഹത്തിന് ഈ റിപ്പോർട്ട് എവിടെ നിന്ന് കിട്ടി? ആദ്യത്തെ ചോദ്യവും ചുരുളുമഴിയേണ്ടത് ഇവിടെനിന്നുമാണ്. കെസി ജോസഫാണ് ഇങ്ങനെയൊരു റിപ്പോർട്ട് പുറത്ത് വന്നെന്ന് തന്നെ വിളിച്ചു പറഞ്ഞതെന്നാണ് അനിൽ അക്കര പറഞ്ഞിരുന്നത്.

ആദ്യഘട്ടത്തിൽ അനിൽ അക്കരയ്ക്ക് നേരെ ഉയർന്ന ഈ വിമർശനം പിന്നീട് കെ സി വേണു​ഗോപാലിലേക്ക് മാറുന്ന കാഴ്ചയാണ് കണ്ടത്. ജില്ലയിൽ കോൺഗ്രസ്‌ നേതൃത്വം കൈയാളുന്ന ടി എൻ പ്രതാപൻ, അനിൽ അക്കര, ജോസ്‌ വള്ളൂർ എന്നിവരെ ഒതുക്കാൻ കെ സി വേണുഗോപാൽ വിഭാഗം നടത്തിയ ഓപ്പറേഷനാണ്‌ റിപ്പോർട്ട്‌ ചോർന്നതിനു പിന്നിലെന്നാണ്‌ പറയുന്നത്‌. ഡിസിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിനെ തുടർന്ന്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ പുറത്തായ ജോസിനെ വീണ്ടും പ്രസിഡന്റാക്കാൻ പിന്തുണതേടി കെ സി വേണുഗോപാലിനെ ഒരു വിഭാഗം സന്ദർശിച്ചിരുന്നു. എന്നാൽ വേണു​ഗോപാലിന്റെ തന്ത്രം തനിക്കൊപ്പം നിൽക്കുന്ന ജോസഫ്‌ ടാജറ്റിനെ പ്രസിഡന്റാക്കാനാണ്‌. അതുവഴി ജില്ലയുടെ നിയന്ത്രണം പിടിക്കലാണ്‌ ലക്ഷ്യം.

എന്നാൽ ഇതിനെല്ലാമിടയിൽ കുറ്റക്കാരെന്ന്‌ കെപിസിസി സമിതി കണ്ടെത്തിയിരുന്ന മുൻ ഡിസിസി പ്രസിഡന്റ്‌ ജോസും യുഡിഎഫ്‌ ചെയർമാനായിരുന്ന എം പി വിൻസന്റും ടി എൻ പ്രതാപൻ, അനിൽ അക്കര എന്നിവരിൽ, ജോസിന്‌ തോൽവിയിൽ പങ്കില്ലെന്നാണ്‌ കെ സുധാകരൻ പറഞ്ഞത്‌. ഇതോടെ മറ്റൊരു അധ്യായത്തിന് തുടക്കമായി. കൈയിലിരിക്കുന്ന റിപ്പോർട്ട്‌ പൂഴ്‌ത്തിവച്ചാണ്‌ സുധാകരന്റെ പ്രസ്‌താവനയെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ തന്നെ ആരോപിച്ചു. ബിജെപിയുടെ വിജയത്തിന്‌ കാരണക്കാരായവരെ സംരക്ഷിക്കുന്ന സുധാകരന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ്‌ നേതാക്കൾ ഉയർത്തുന്നത്‌. സുധാകരന്റെ സ്വന്തക്കാരനായാണ്‌ ജോസ്‌ അറിയപ്പെടുന്നത്‌. റിപ്പോർട്ട്‌ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട്‌ ജോസ്‌ വള്ളൂർ ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്‌.

മാസങ്ങൾക്കു മുമ്പേ തൃശൂർ തെരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ച അന്വേഷണം പൂർത്തിയായിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവങ്ങളിൽ തൃശൂരിൽ വീണ്ടും പോസ്റ്റർ പോര് രൂക്ഷമായി. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായണ് തൃശൂരിൽ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് . തൃശൂരിലെയും ആലത്തൂരിലെയും തോൽവി പരിശോധിക്കുന്ന കെപിസിസി അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണെമന്നും ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഡിസിസി പരിസരത്തും നഗരത്തിലും കോൺ​ഗ്രസ് കൂട്ടായ്മയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരൻ പരാജയപ്പെട്ടപ്പോഴും തൃശൂർ ഡിസിസി ഓഫീസിന് മുൻപിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ടി എൻ പ്രതാപനെതിരെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെതിരെയുമായിരുന്നു പോസ്റ്ററുകൾ പതിച്ചത്. തെരഞ്ഞെടുപ്പിൽ മുരളീധരൻ മൂന്നാം സ്ഥാനത്തായതോടെ നാടകീയ രം​ഗങ്ങളായിരുന്നു തൃശൂർ കോൺഗ്രസിൽ ഉണ്ടായത്. ഡിസിസി ഓഫീസായ കെ കരുണാകരൻ സപ്‌തതി മന്ദിരത്തിൽ കോൺഗ്രസുകാർ കൂട്ടത്തല്ല് നടത്തി. പിന്നാലെ ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂർ രാജിവയ്ക്കുകയും ചെയ്തു. തോൽവി പരിശോധിക്കാൻ കെപിസിസി അന്വേഷണ കമീഷനെ നിയോഗിച്ചിരുന്നു. കെ സി ജോസഫും ആർ ചന്ദ്രശേഖരനും തൃശൂർ ഡിസിസിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് റിപ്പോർട്ട് തയ്യറാക്കി, നേതൃത്വത്തിന് കൈമാറി. റിപ്പോർട്ട് കൈമാറി ദിവസങ്ങൾ കഴിഞ്ഞിട്ടും, യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് എതിർ ചേരി പോസ്റ്റർ യുദ്ധം പ്രഖ്യാപിച്ചപ്പോൾ റിപ്പോർട്ട് പുറത്തു വന്നു. അതാണേൽ വ്യാജമെന്നാണ് കെപിസിസി യുടെ നിലപാട്. എന്നാൽ ഈ വ്യാജറിപ്പോർട്ടിലൂടെയാണ് പല അന്തർധാര നീക്കങ്ങളും പുറത്തായത്. പുറകിൽ ആരായാലും ലക്ഷ്യം ഒന്ന് തന്നെയാണ്. 2026 നിയമസഭാ തെരഞ്ഞെടുപ്പും മന്ത്രിസഭയും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വിഴിഞ്ഞം ഭൂഗർഭ റെയിൽപാത യാഥാർത്ഥ്യമാകുന്നു; ഡി പി ആറിന് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, തുറമുഖവും ബാലരാമപുരം റെയിൽവെ സ്റ്റേഷനും...

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി. 2 യുവാക്കൾ അറസ്റ്റിൽ

കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ 2 യുവാക്കളെ എക്സൈസ്...

ബിജെപി ക്കും യു ഡി എഫിനും ഇരട്ടത്താപ്പ്. ആഞ്ഞടിച്ചു ബൃന്ദ കാരാട്ട്

ആശ വർക്കർമാരുടെ സമരത്തിൽ യു ഡി എഫിനും ബി ജെ പി...

ശിവകുമാര്‍ വന്നാൽ വഴിയിൽ തടയും, തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചത് തന്നെ തെറ്റ്: കെ അണ്ണാമലൈ

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തമിഴ്‌നാട്ടിലെത്തിയാല്‍ വഴിയിൽ തടയുമെന്ന് ബി...