രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം നല്‍കുന്ന പ്രഖ്യാപനത്തോടെയാണ് ഇക്കുറി ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് അവതരണം തുടങ്ങിയത്. പെൻഷൻ – ശമ്ബള പരിഷ്കരണ കുടിശിക വിതരണം ചെയ്യുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.
കുടിശികയുടെ രണ്ട് ഗഡു ഈ സാമ്ബത്തിക വർഷം തന്നെ നല്‍കും. അത് പിഎഫില്‍ ലയിപ്പിക്കും. 1900 കോടി വരുമിത്. ജീവനക്കാരുടെ ഡിഎ കുടിശികയുടെ രണ്ട് ഗഡുക്കളുടെ ലോക്കിൻ പിരിയഡ് നടപ്പുസാമ്ബത്തിക വർഷത്തില്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കൊവിഡ് കാലത്ത് മറ്റ് സർക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി ശമ്ബളപരിഷ്കരണം നടപ്പാക്കുകയും അതിന്റെ ബാധ്യത ഏറ്റെടുക്കുകയും ചെയ്ത സർക്കാരാണ് കേരളത്തിലേത്. നികുതി വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതാണ് സംസ്ഥാനത്തിന് കടുത്ത സാമ്ബത്തിക ഞെരുക്കം അനുഭവപ്പെട്ടത് മനസിലാക്കിയാണ് സർക്കാർ ജീവനക്കാർ സർക്കാരിനോട് സഹകരിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
കേരളം ടേക്ക് ഓഫിന് തയ്യാറാണെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. കടുത്ത ധനപ്രതിസന്ധിയെ കേരളം അതിജീവിച്ചു. ധനഞെരുക്കം രൂക്ഷമായ അവസ്ഥയിലും വികസന പ്രവർത്തനങ്ങള്‍ക്ക് ഒന്നും രണ്ടും പിണറായി സർക്കാർ കാര്യമായ മുടക്കം വരാതെ മുന്നോട്ട് കൊണ്ടുപോയി. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോള്‍ അത് മറച്ച് പിടിക്കാനല്ല മറിച്ച് ജനങ്ങളോട് അക്കാര്യങ്ങള്‍ തുറന്നു പറഞ്ഞ് മുന്നോട്ട് പോകാനാണ് സർക്കാർ തയ്യാറായത്. കേരള സമ്ബദ്ഘടന അതിവേഗം മുന്നേറാനുള്ള ഒരു സാഹചര്യത്തിലേക്ക് സജ്ജമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം ബജറ്റില്‍ വയനാട് പുനരധിവാസ പദ്ധതിക്കായി 850 കോടി ബജറ്റില്‍ വകയിരുത്തി. 1220 കോടിയുടെ നഷ്ടമാണ് വയനാടിന് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യ ചികിത്സാ പദ്ധതിക്കായി 200 കോടി രൂപ അനുവദിച്ചു, ലൈഫ് പദ്ധതിക്കായി 1160 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. 2025-26 വർഷം ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി നിർമ്മിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലോക കേരളം കേന്ദ്രം തുടങ്ങും. ഇതിനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. തിരുവനന്തപുരം മെട്രോ റെയില്‍ യാഥാർത്ഥ്യമാക്കാനുള്ള ശ്രമം തുടരും. കൊച്ചി മെട്രോയുടെ വികസനം തുടരും, അതിവേഗ റെയില്‍പാതയ്ക്കുള്ള ശ്രമങ്ങളും തീവ്രമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.. ഒപ്പം സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ മികച്ച പുരോഗതിയുന്ഫെന്നും പദ്ധതികൾ ചുരുക്കേണ്ട സാഹചര്യം മാറുന്നുവെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
ഒപ്പം കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് പ്ലാനിങ് കമ്മിറ്റികൾ രൂപീകരിക്കാനും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതിവേഗറെയിൽ പാത അനിവാര്യമാണെന്നും പദ്ധതിക്ക് വേണ്ടിയുള്ള ശ്രമം തുടരുമെന്നും ധനമന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് മെട്രോ പദ്ധതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഈ വർഷം തന്നെ നടത്തും. കൊച്ചി മെട്രോ പദ്ധതിക്കായുള്ള വികസന നടപടികൾ തുടരും. തെക്കന്‍ കേരളത്തിൽ കപ്പല്‍ നിര്‍മാണശാല ആരംഭിക്കാന്‍ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിൽ ആൾതാമസം ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കെ ഹോം പദ്ധതി തുടങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തി ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനമാകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ലോകത്തുള്ള മറ്റ് സംരംഭങ്ങളുടെ നടത്തിപ്പ് രീതികൾ ഇതിനായി സ്വീകരിക്കും. മിതമായ നിരക്കിലായിരിക്കും താമസസൗകര്യം ഒരുക്കിക. വീട്ടുടമകൾക്ക് വരുമാനം ഉറപ്പാക്കുന്നതിനൊപ്പം വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ആദ്യ ഘട്ടത്തിൽ കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ 10 കിമി ചുറ്റളവിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു