ഇംഫാല്‍: ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിവാദമായതിന് പിന്നാലെ പിന്‍വലിച്ച് മണിപ്പുര്‍ സര്‍ക്കാര്‍. മണിപ്പുര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 30-നും 31-നും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിനമാക്കിക്കൊണ്ടായിരുന്നു ഉത്തരവ്.
ഇതിന് പിന്നാലെ, ക്രൈസ്തവരുടെ മതപരമായ അവകാശങ്ങളുടേയും സ്വാതന്ത്ര്യത്തിന്റേയും നഗ്നമായ ലംഘനവും അവയ്ക്കുമേലുള്ള കടന്നുകയറ്റവുമാണെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. താങ്കുല്‍ നാഗ ബാപിസ്റ്റ് കണ്‍വെന്‍ഷന്‍, മാവോ ബാപിസ്റ്റ് ചര്‍ച്ചസ് അസോസിയേഷന്‍, സേനാപതി ജില്ലാ സ്റ്റുഡന്റ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ഉത്തരവിനെതിരെ മണിപ്പുരില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ട ഉത്തരവില്‍ പറഞ്ഞിരുന്നു. സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനം ആക്കിയിരിക്കുന്നത് എന്നായിരുന്നു ഉത്തരവിലെ വിശദീകരണം.