തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്‍റ് ഇനിയുണ്ടാകില്ല. പുതുക്കിയ ഉത്തരവ് പ്രകാരം ഒരേ പാഠ്യേതര നേട്ടങ്ങൾക്ക് ഗ്രേസ് മാർക്കും ബോണസ് പോയിന്‍റ് ഇല്ലാതാകും. നേരത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കും ഹയർസെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയൻറും നൽകുന്ന രീതിയായിരുന്നു. ഇതിനാണ് മാറ്റം വരിക.
അന്തർദേശീയ, ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്നവർക്ക് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷയിൽ നൽകുന്ന ഗ്രേസ് മാർക്കും ഏകീകരിച്ചു. സംസ്ഥാനതലം മുതൽ അന്താരാഷ്ട്രതലം വരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് മൂന്ന് മുതൽ 100 മാർക്കു വരെ നൽകാനാണ് തീരുമാനം. സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, കായികമേള എന്നിവയിൽ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിക്കുന്നവർക്ക് 20 മാർക്ക് ലഭിക്കും.
രണ്ടാം സ്ഥാനക്കാർക്ക് 17 മാർക്കും മൂന്നാം സ്ഥാനത്തിന് 14 മാർക്കും ലഭിക്കും. ബി ഗ്രേഡ് ലഭിക്കുന്നവർക്ക് 15 മാർക്ക്, സി ഗ്രേഡിന് പത്ത് മാർക്ക് വീതവും ലഭിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരങ്ങളിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥയും ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. എട്ടാം ക്ലാസിലെ മെറിറ്റുവെച്ച് അപേക്ഷിക്കുന്നതെങ്ഖിൽ ഒൻപതിലോ പത്തിലോ ജില്ലാതലത്തിൽ മത്സരിച്ചതിന്റെ സർടിഫിക്കറ്റ് ഹാജരാക്കണം. ഒൻപതിലെ മെറിറ്റ് വെച്ചാണെങ്കിൽ പത്താംക്ലാസിൽ ജില്ല മത്സരത്തിൽ കുറയാത്ത സർട്ടിഫിക്കറ്റും വേണം. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് അർഹത നേടിയവർക്ക് അവരുടെ ഏറ്റവും കൂടുതലുള്ള മാർക്ക് മാത്രമായിരിക്കും പരിഗണിക്കുകയെന്നും ഉത്തരവിൽ പറയുന്നു.