രാസ മാലിന്യങ്ങൾ പുറംതള്ളിയതിനാൽ പുഴയിലെ മീനുകൾ ചത്തുപൊങ്ങിയതിന് മുന്നേ കൊച്ചി നഗരത്തിലെ വായുമലിനീകരണ തോതിന്റെ ‘ഡേറ്റ’ കാണാതായി. നാഷണൽ എയർ ക്വാളിറ്റി ഇൻഡെക്സിൽ ഏലൂർ ഉദ്യോഗമണ്ഡൽ സ്റ്റേഷനിലെ തത്സമയ വായുമലിനീകരണ നിരീക്ഷണ കേന്ദ്രത്തിലെ ഡേറ്റ ഈ മാസം 17 മുതൽ കാണ്മാനില്ല. ഏതെങ്കിലും വ്യവസായസ്ഥാപനങ്ങൾ രാസവാതകങ്ങൾ പുറംതള്ളിയാൽ ഈ ലൈവ് ഡേറ്റയുണ്ടെങ്കിലേ അറിയാനാകൂ.
‘നോ ഡേറ്റ അവൈലബിൾ’ എന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈവ് എയർ ക്വാളിറ്റി ഇൻഡെക്സിൽ കാണിക്കുന്നത്. എറണാകുളം വൈറ്റിലെ നിരീക്ഷണകേന്ദ്രത്തിലെ ഡേറ്റ മാർച്ച് 14 മുതലും അപ്രത്യക്ഷമാണ്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി.) നിയന്ത്രണത്തിലാണ് ഈ തത്സമയ വായുമലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളെല്ലാം തന്നെ.
കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളിൽ രാസവാതകത്തിന്റെ ഗന്ധം ഇടയ്ക്കിടെ അതിരൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. ഏലൂർ വ്യവസായമേഖലയിൽനിന്നും രാത്രിയിൽ പുറംതള്ളുന്ന രാസവാതകം മൂലമാണിതെന്നാണ് ആരോപണം. ഏലൂരിന് പുറമേ, വരാപ്പുഴ ഇടപ്പള്ളി, ലുലുമാൾ പരിസരം, കുന്നുംപുറം, വട്ടേക്കുന്നം, പോണേക്കര, എളമക്കര എന്നിവിടങ്ങളിൽ സ്ഥിരമായി ഈ ഗന്ധം അനുഭവപ്പെടാറുണ്ട്.