കെബെർഹ: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ടി 20യുടെ ചരിത്രത്തിൽ ഒരു താരത്തിനും തൊടാനാകാത്ത സ്വപ്ന നേട്ടത്തിൽ കണ്ണുവച്ച് സഞ്ജുവിന് ബാറ്റ് വീശാം. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അന്നത്തെപോലെ ഇന്നും പഞ്ഞിക്കിട്ട് അടിച്ചുകയറി സെഞ്ചുറി നേടിയാൽ അത് ടി 20 ക്രിക്കറ്റിൻറെ ചരിത്രത്തിലെ പുതിയ അധ്യായമാകും കുറിക്കുക. അങ്ങനെയെങ്കിൽ ടി 20 യിൽ ഹാട്രിക്ക് സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന നാഴികകല്ലാകും സഞ്ജു എഴുതിച്ചേർക്കുക. തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യാക്കാരൻ എന്ന ചരിത്രമെഴുതിയ സഞ്ജുവിന്, ഇന്ന് ലോകക്രിക്കറ്റിൽ പുതു ചരിത്രം രചിക്കാനാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂർവനേട്ടം ഒന്നാം ടി 20 യിലാണ് സഞ്ജു സ്വന്തമാക്കിയത്. രാജ്യാന്തര ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമെന്ന ഖ്യാതിയും സഞ്ജു സ്വന്തമാക്കിയിരുന്നു. ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവർ. ഇവർക്കാർക്കും ഹാട്രിക്ക് സെഞ്ചുറി നേടാനായിരുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് അത്യപൂർവ അവസരമാണ് സ്വന്തമായിരിക്കുന്നത്.
ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 പോരാട്ടം ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 7.30 നാണ് ആരംഭിക്കുക. ആദ്യ പോരാട്ടത്തിൽ 61 റൺസിൻറെ തകർപ്പൻ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ടി 20 യിൽ സഞ്ജുവിൻറെ ഹാട്രിക് സെഞ്ചുറി അവസരത്തിനൊപ്പം നായക വേഷത്തിൽ സൂര്യകുമാർ യാദവിനും മറ്റൊരു ഹാട്രിക്ക് നേടാൻ അവസരമുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്കെതിരായ ടി 20 പരമ്പരകൾ സ്വന്തമാക്കിയ സൂര്യകുമാർ യാദവിന് നായകനെന്ന നിലയിൽ ഹാട്രിക്ക് പരമ്പര നേട്ടമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. പേസർമാരെ അനുകൂലിക്കുന്ന പിച്ചിലാണ് ഇന്നത്തെ മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് വിവരം.