ജയ്പൂർ: മോദിയുടെ വിദ്വേഷ പ്രസ്താവനയെ വിമർശിച്ചതിന് ബി.ജെ.പി പുറത്താക്കിയ മുസ്‌ലിം മോർച്ച നേതാവ് ഉസ്മാൻ ഖാനി അറസ്റ്റിൽ. സമാധാന ലംഘന കേസിൽ രാജസ്ഥാൻ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തതായി സീ ന്യൂസ് റിപോർട്ട് ചെയ്തു. മുസ്‌ലിം മോർച്ച ബിക്കാനീർ ജില്ല പ്രസിഡന്റായിരുന്നു ഉസ്മാൻ ഖാനി. ഖാനിയെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മുസ്‌ലിംകളെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ സമീപകാല പരാമർശങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് ഖാനിയെ ആറ് വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. മാധ്യമങ്ങളിൽ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കിയതിനാണ് ഖാനിയെ പുറത്താക്കിയതെന്ന് ബി.ജെ.പി നേതാവ് ഓങ്കാർ സിങ് ലഖാവത്ത് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഇസ്‍ലാമോഫോബിയയാണെന്നായിരുന്നു ഖാനിയുടെ വിമർശനം. ഖാനിയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ പാർട്ടി സ്ഥാനങ്ങളിൽനിന്നും മാറ്റുകയായിരുന്നു. ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷം നുഴഞ്ഞുകയറ്റക്കാരാണെന്നും ഒരുപാട് കുട്ടികളുള്ളവരാണെന്നുമായിരുന്നു മോദിയുടെ വിദ്വേഷ പ്രസംഗം. ഇതിൽ അതൃപ്തിയറിയിച്ച ഖാനി പ്രസംഗത്തെ അപലപിക്കുകയും ചെയ്തിരുന്നു.മുസ്‍ലിം സമുദായത്തിന് മുമ്പാകെ നരേന്ദ്ര മോദി വോട്ട് തേടിയെത്തുമ്പോൾ സമുദായത്തിലെ അംഗങ്ങൾ പ്രധാനമന്ത്രിയുടെ പ്രസ്താവനക്കുള്ള മറുപടി നൽകണമെന്നും ഖാനി പറഞ്ഞിരുന്നു. ബി.ജെ.പിയുടെ പ്രവർത്തനങ്ങളിൽ രാജസ്ഥാനിലെ ജാട്ട് സമുദായത്തിന് എതിർപ്പുണ്ട്. ചുരു അടക്കമുള്ള മണ്ഡലങ്ങളിൽ അവർ ബി.ജെ.പിക്കെതിരെ ഇക്കുറി വോട്ട് ചെയ്യുമെന്നും ഖാനി പറഞ്ഞിരുന്നു.