ഡൽഹി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചതായി കോൺഗ്രസ്. അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് നാടുകടത്തിയ 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ വിമർശനം.
യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന സമയത്ത് ഇന്ത്യക്കാരുടെ കൈകൾ വിലങ്ങുവെച്ച ചിത്രങ്ങൾ കാണുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് സങ്കടമുണ്ടെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര വ്യക്തമാക്കി.
” 2013 ഡിസംബറിൽ അമേരിക്കയിൽ വെച്ച് ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ വിലങ്ങുവെച്ച് നഗ്നയാക്കി ദേഹപരിശോധന നടത്തി സംഭവമാണ് ഓർമ വരുന്നത്. അന്ന് വിദേശകാര്യ സെക്രട്ടറിയായിരുന്ന സുജാത സിങ്, യുഎസ് അംബാസഡർ നാൻസി പവലിനെ കണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. യുപിഎ സർക്കാർ തന്നെ രൂക്ഷമായാണ് ഇതിനെ നേരിട്ടത്. മീരാ കുമാർ, സുശീൽ കുമാർ ഷിൻഡെ, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ അക്കാലത്ത് ഇന്ത്യ സന്ദർശിച്ച യുഎസ് പ്രതിനിധി സംഘത്തെ (ജോർജ് ഹോൾഡിംഗ്, പീറ്റ് ഓൾസൺ, ഡേവിഡ് ഷ്വെയ്കെർട്ട്, റോബ് വുഡാൽ, മഡലീൻ ബോർഡല്ലോ) കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു”- എക്സിൽ പങ്കുവെച്ച കുറിപ്പിൽ പവൻഖേര വ്യക്തമാക്കി.