കാട്ടാക്കട: അമ്പലത്തിൻകാലയിൽ ഉത്സവ പരിപാടിക്കിടെ നൃത്തം വിലക്കിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ആർ.എസ്.എസ് മണ്ഡലം കാര്യവാഹകായ വിഷ്ണുവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മാറനല്ലൂർ കരിങ്ങൽ കരിച്ചിറ മേലെ പുത്തൻവീട്ടിൽ സച്ചിൻ (22), തൂങ്ങാംപാറ ഇറയാംകോട് മഹാദേവർ ക്ഷേത്രത്തിന് സമീപം കുമാരി ഭവനിൽ ആദിത്യൻ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് കീഴാറൂർ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്ര ഘോഷയാത്രക്ക് അമ്പലത്തിൻകാലയിൽ നൽകിയ വരവേൽപ്പിന് ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ പ്രതികൾ തടഞ്ഞുനിർത്തി മർദിക്കുകയും തറയോടിന്റെ കഷണം കൊണ്ട് കുത്തുകയും ചെയ്തത്. അറസ്റ്റിലായവരെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.