ചിറയിൻകീഴ്: റഷ്യയിൽ കുടുങ്ങിയ യുവാക്കളെ ഉടൻ നാട്ടിലെത്തിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. യുവാക്കളുടെ വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.യുദ്ധത്തിൽ പരിക്കേറ്റ് എംബസിയിൽ കഴിയുന്ന പ്രിൻസിന് നാട്ടിലെത്തിനാവശ്യമായ ടിക്കറ്റ് ചാർജ് സർക്കാർ വഹിക്കും. പ്രിൻസിനൊപ്പം റഷ്യയിലെത്തി യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന വിനീതിനെയും ടിനുവിനെയും എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും.
ഇവരുടെ മോചനം സാധ്യമാക്കാൻ വിദേശകാര്യമന്ത്രിയുമായും റഷ്യൻ എംബസിയുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം യുവാക്കളുടെ ബന്ധുക്കൾക്ക് ഉറപ്പു നൽകി.
മന്ത്രി യുവാക്കളുടെ അമ്മമാരോടും ബന്ധുക്കളോടും സംസാരിച്ചശേഷം പ്രിൻസിനോട് വീഡിയോ കോളിലൂടെ സംസാരിച്ചു. തുടർന്ന് നോർക്ക സി.ഇ.ഒ അജിത് കോലഞ്ചേരിയുമായി ഫോണിൽ ബന്ധപ്പെട്ട് മൂന്നുപേരുടെയും മോചനം എത്രയുംപെട്ടെന്ന് സാധ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.