തൃശൂർ: ചരിത്രത്തിൽ ആദ്യമായി കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാർവദേശീയ സാഹിത്യോത്സവത്തിന് സമാപനം. കേവല സാഹിത്യ ചർച്ചകൾക്കുപരിയായി സംഘ്പരിവാർ-ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ഉറച്ച ശബ്ദങ്ങൾ ഉയർന്നുകേട്ട സദസ്സായിരുന്നു സാഹിത്യോത്സവത്തിലെ വേദികൾ. മലയാളത്തിൽ നിലവിലെ സാഹിത്യോത്സവങ്ങൾക്കെല്ലാം ബദൽ എന്നതിനേക്കാളുപരി സർക്കാർ നേരിട്ടു നടത്തിയ പൊതുപരിപാടി എന്ന നിലക്കും സാഹിത്യോത്സവം ശ്രദ്ധേയമായി. മികച്ച പങ്കാളിത്തമാണ് ഒരാഴ്ച നീണ്ട പരിപാടിയിൽ അനുഭവപ്പെട്ടത്. നടനും കടുത്ത സംഘ്പരിവാർ-ഫാഷിസ്റ്റ് വിരുദ്ധനുമായ പ്രകാശ് രാജിന്റെ പരിപാടിക്കായിരുന്നു ഏറെ കാണികൾ. വിവിധ രാജ്യങ്ങളിൽനിന്നും പ്രത്യേകിച്ചും ഇസ്രയേൽ, ഫലസ്തീൻ എന്നിവിടങ്ങളിൽനിന്നുമുള്ള എഴുത്തുകാർ ജനങ്ങളുമായി അനുഭവങ്ങൾ പങ്കുവെച്ചു.
മണിപ്പൂർ, കന്നട എന്നിവിടങ്ങളിൽനിന്നും കവികൾ പങ്കെടുത്തു. പരിപാടികൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ അക്കാദമി ഒരുക്കിയിരുന്നു. വ്യത്യസ്തമായ ചർച്ചകളും സംവാദങ്ങളുമെല്ലാം ശ്രവിക്കാൻ ദിനവും ആയിരങ്ങളെത്തി.