തിരുവനന്തപുരം: സിഗ്നലും ക്യാമറയും സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചിട്ട് കൃത്യമായി ടാർ ചെയ്യാത്തതിനാൽ അപകടക്കെണിയാകുന്നു.ഇപ്പോൾ നഗരത്തിന്റെ പല ഭാഗങ്ങളിലെയും സിഗ്നലിന്റെ സമീപത്തും ഇത്തരം കുഴികളാണ്.പേട്ട ജംഗ്ഷൻ,മ്യൂസിയം,വഴുതക്കാട്,പാറ്റൂർ,വഞ്ചിയൂർ,കിള്ളിപ്പാലം തമ്പാനൂർ,കിഴക്കേകോട്ട തുടങ്ങിയ പ്രധാന റോഡിലാണ് കുഴിച്ചത്.
പേട്ട ജംഗ്ഷനിൽ വൻ കുഴിയാണ്. ഇതിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെട്ടു.പുതിയ സിഗ്നലും ക്യാമറയും സ്ഥാപിക്കാൻ വേണ്ടി വയറും പൈപ്പിടുന്നതിനും വേണ്ടിയാണ് റോഡ് കുഴിച്ചിരിക്കുന്നത്. ആധുനിക സിഗ്നൽ സംവിധാനമായ അഡാപ്റ്റീവ് ട്രാഫിക്ക് സിസ്റ്റമാണ് സ്ഥാപിക്കുന്നത്.സ്മാർട്ട് സിറ്റിക്കാണ് നിർമ്മാണ ചുമതല.സിഗ്നൽ ജോലികൾ പൂർത്തിയായിട്ടേ, റോഡ് ടാർ ചെയ്യൂ.ഇതിന് ഇനിയും സമയമെടുക്കും.റോഡിന്റെ ഒരു വശത്ത് നിന്ന് അടുത്ത വശം വരെ നീളത്തിലാണ് കുഴി. പലയിടത്തും ഇത് പൂർണമായി മൂടിയിട്ടില്ല.പലയിടത്തും സിമന്റ് വച്ച് മൂടിയിട്ടുണ്ടെങ്കിലും ഇത് കുഴിയേക്കാൾ ഉയർന്ന് നിൽക്കുന്നുണ്ട്.പലതവണ ഇതേ പറ്റി അധികൃതരോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ല.സിഗ്നൽ നിർമ്മാണത്തിന്റെ ഭാഗമായി ഇനിയും കൂടുതൽ സ്ഥലത്ത് കുഴിക്കാനാണ് തീരുമാനം.സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ റോഡ് കുഴിച്ചിട്ടിരിക്കുന്നത് കാരണം ജനങ്ങൾ ആകെ വലയുകയാണ്.ഇതിന് പുറമെ പ്രധാന റോഡുകളിലെ സിഗ്നൽ നിർമ്മാണക്കുഴിയും കൂടിയായപ്പോൾ ഇരുചക്രയാത്രക്കാർ ആകെ വലഞ്ഞിരിക്കുകയാണ്.