പാലക്കാട്: നെല്ലു സംഭരണത്തിൽ വീണ്ടും കുടിശിക പ്രതിസന്ധി രൂക്ഷമാകുന്നു… സംസ്ഥാനത്താകെ 1.12 ലക്ഷം കർഷകർക്കായി 689.95 കോടി രൂപയാണ് ലഭിക്കാനുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചവരെയുള്ള കണക്കാണിത്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടായിരുന്നതിൽ 832 കോടി രൂപ ലഭ്യമായത് ചെറിയ ആശ്വാസമാണ്. കേന്ദ്ര വിഹിതം വന്നതിനാൽ ബാങ്കുകളുടെ കുടിശ്ശികയിൽ ഒരു ഭാഗം നൽകി അടുത്ത വായ്പ എടുത്ത് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്.
നിലവിൽ പാലക്കാട് ജില്ലയിൽ മാത്രം 231.90 കോടി രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്, ആലപ്പുഴ (164 കോടി), തൃശ്ശൂർ (124 കോടി), കോട്ടയം (84 കോടി), മലപ്പുറം (39 കോടി) എന്നിങ്ങനെയാണ് വലിയ തുക കിട്ടാനുള്ള മറ്റു ജില്ലകൾ. ആലപ്പുഴ ജില്ലയിലാണ് വലിയ പ്രതിസന്ധി തുടരുന്നത്.. കനറ ബാങ്ക്, എസ്.ബി.ഐ എന്നിവരുമായിട്ടാണ് കഴിഞ്ഞ വിളവെടുപ്പിൽ പണം നൽകാൻ ധാരണയുണ്ടായിരുന്നത്. അതിനു മുമ്പ് ധാരണയുണ്ടായിരുന്ന കേരളാബാങ്കിന് 330 കോടി രൂപ നൽകാനുണ്ട്. എട്ടുമാസത്തിലധികം പഴക്കമുള്ള കടമാണിത്. ഈ തുക ബാങ്കിന് ലഭിച്ചില്ലെങ്കിൽ അന്ന് ഈ ബാങ്ക് വഴി നെല്ലുവില കിട്ടിയവരുടെ സിബിൽ സ്‌കോറിനെ ബാധിക്കാമെന്ന ആശങ്കയുണ്ട്. അതിനാൽ കേന്ദ്രത്തിൽ നിന്ന് കിട്ടിയ പണംകൊണ്ട് കേരളാബാങ്കിന് നൽകാനുള്ള തുക കൊടുക്കാനാണ് ആലോചന. കിട്ടിയ 832 കോടിയിൽ ഇതു കഴിച്ചുള്ള പണം കൊണ്ടുമാത്രം ഇപ്പോഴത്തെ നെല്ലെടുപ്പും എസ്.ബി.ഐ, കനറാ ബാങ്കുകളുടെ കുടിശ്ശികയും തീരില്ല. അതിനാൽ ബാക്കി പണം ഇവരുടെ കുടിശ്ശികയിൽ ഒരു ഭാഗം തീർക്കാൻ ഉപയോഗിച്ചേക്കും.കേരളത്തിൽ ഒരുവർഷം നെല്ലെടുപ്പിന് 2004 കോടി രൂപയാണ് വേണ്ടത്. നിലവിൽ നെല്ല് മില്ലുകാർ എടുക്കുമ്പോൾ നൽകുന്ന രസീത് (പി.ആർ.എസ്) ബാങ്കിൽ നൽകുമ്പോൾ നെല്ലുവില വായ്പ രൂപത്തിലാണ് കൃഷിക്കാരന് കിട്ടുന്നത്. ഈ രീതി പരിഷ്‌കരിക്കുമെന്നും വായ്പസ്വഭാവം മാറ്റുമെന്നുമാണ് ഭക്ഷ്യമന്ത്രി ഉറപ്പു നൽകിയിരുന്നത്.