ഒറ്റപ്പാലം: ഒറ്റപ്പാലത്തെ നഗരസഭാ ബസ് സ്റ്റാന്റിൽ ബസുകളുടെ അമിത വേഗത ഭീഷണിയാകുന്നു … ബസ് സ്റ്റാൻഡ് അടിക്കടി കൊലക്കളമാകുന്ന സാഹചര്യത്തിൽ ബസുകളുടെ വേഗത നിയന്ത്രിക്കാൻ ഹമ്പുകൾ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റാൻഡിനകത്തെ ബസുകളുടെ മരണപ്പാച്ചിലിൽ കഴിഞ്ഞ ദിവസം ജീവൻ നഷ്ടമായത് കൊൽക്കത്ത സ്വദേശി അമീനൂർ ഷെയിക്കിന് (29) ആണ്.നേരത്തെ സമാന രീതിയിൽ നിരവധി മരണങ്ങളും അത്യാഹിതങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ നിസ്സംഗത തുടരുകയാണ്.
ജില്ലയിലെ വിശാലമായ ബസ് സ്റ്റാൻഡുകളിൽ ഒന്നായ ഒറ്റപ്പാലത്ത് സ്ഥല സൗകര്യങ്ങളുടെ അഭാവമല്ല അപകടങ്ങൾക്ക് കാരണമാകുന്നത്. കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിലെ വീഴ്ചയാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന ആക്ഷേപമുണ്ട്.യാത്രക്കാർ കാത്തിരിക്കുന്ന ഇരിപ്പിടങ്ങൾക്ക് അഭിമുഖമായി ബസുകളുടെ പിൻവശം വരത്തക്കവിധത്തിലുള്ള നിലവിലെ പാർക്കിങ്ങും സ്റ്റാൻഡിനകത്തേക്ക് വരുന്ന ബസുകളുടെ മരണപ്പാച്ചിലും തുടങ്ങി നിരവധി അപാകതകളാണ് പരിഹരിക്കാതെയുള്ളത്. ഇക്കാര്യങ്ങൾ നിരവധി തവണ താലൂക്ക് വികസന സമിതി, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗങ്ങളിൽ പരിഹാരം തേടി വന്ന വിഷയങ്ങളാണെങ്കിലും അധികൃതർ ഗൗരവമായി എടുക്കുന്നില്ല.റോഡിൽ വന്നതിനേക്കാൾ വേഗത്തിലാണ് യാർഡിൽ പാർക്ക് ചെയ്യാൻ ബസുകൾ സ്റ്റാൻഡിൽ ചീറിപ്പായുന്നതെന്ന ആക്ഷേപമുവുണ്ട്. കഴിഞ്ഞ ദിവസം യുവാവിന്റെ ജീവനെടുത്ത ബസും ഇത് തന്നെയാണ് ആവർത്തിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസുകളുടെ അമിത വേഗം നിയന്ത്രിക്കാൻ എത്രയും വേഗം സ്റ്റാൻഡിനകത്ത് ഹമ്പുകൾ സ്ഥാപിക്കാത്തപക്ഷം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് സ്റ്റാൻഡുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെടുന്നു.