ദുബൈ: പുതിയ അധ്യയനവർഷം മുതൽ ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധനക്ക് അനുമതി നൽകി. ദുബൈയിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന വൈജ്ഞാനിക, മാനവ വികസന അതോറിറ്റിയാണ് (കെ.എച്ച്.ഡി.എ) ഫീസ് വർധനക്ക് ചൊവ്വാഴ്ച അനുമതി നൽകിയത്. 5.2 ശതമാനംവരെ ഫീസ് വർധിപ്പിക്കാനാണ് അനുമതി. തുടർച്ചയായി രണ്ടാം തവണയാണ് ഫീസ് വർധനക്ക് കെ.എച്ച്.ഡി.എ പച്ചക്കൊടി കാണിക്കുന്നത്. സ്കൂളുകൾ സമർപ്പിച്ച സാമ്പത്തിക ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.എച്ച്.ഡി.എ സ്കൂളുകളുടെ വിദ്യാഭ്യാസ ചെലവ് സൂചിക (ഇ.സി.ഐ) 2.6 ശതമാനമായി കണക്കാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2024-25 വർഷത്തേക്കുള്ള ഫീസിൽ മാറ്റം വരുത്താമെന്നാണ് നിർദേശം. അതേസമയം, കെ.എച്ച്.ഡി.എ സ്കൂളുകളിൽ വാർഷാവർഷം നടത്തിയ വാർഷിക പരിശോധനയിൽ മികച്ച റേറ്റിങ് നിലനിർത്തുന്നവർക്കാണ് 5.2 ശതമാനം ഫീസ് വർധനക്ക് യോഗ്യത.