ഡൽഹി: ആം ആദ്മി പാർട്ടിക്ക് ഡൽഹിയിൽ തിരിച്ചടി. ഡൽഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് പാർട്ടി അംഗത്വമടക്കം രാജിവച്ചു. സംസ്ഥാനത്ത് മന്ത്രിപദവിയും അദ്ദേഹം രാജിവച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയെന്നാണ് രാജ് കുമാർ ആനന്ദിന്റെ വിമർശനം. മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ഡൽഹി ഹൈക്കോടതിയിൽ ഇന്നലെയേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി.
എന്നാൽ മദ്യ നയക്കേസിൽ ഇഡി നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജി. മന്ത്രിയുടെ വസതിയിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. പാർട്ടിക്കുള്ളിൽ ദളിത് വിരുദ്ധ നടപടികളാണെന്നും ഇനിയും പാർട്ടിയിൽ തുടരാനാകില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.
ആംആദ്മി പാർട്ടിയുടെ അന്ത്യം തുടങ്ങിയെന്നാണ് രാജ് കുമാർ ആനന്ദിന്റെ രാജിയോടുള്ള ബിജെപിയുടെ പ്രതികരണം. രാജ് കുമാർ ആനന്ദിന്റെ രാജി 2011 മുതൽ ആരംഭിച്ച അരവിന്ദ് കെജ്രിവാളിന്റെ ദില്ലിയിലെ ജനങ്ങളെ വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ അവസാനമാണെന്നും ബിജെപി വിമർശിച്ചു.