വയനാട്: തെരഞ്ഞെടുപ്പ് തലേന്ന് വയനാട്ടിൽ ആദിവാസി കോളനികളിൽ ബി.ജെ.പി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നത് കോളനികളിലുള്ള മനുഷ്യരെ വില കുറച്ച് കാണുന്നതിന് തെളിവാണെന്ന് എല്‍.ഡി.എഫ് സ്ഥാനാർഥി ആനി രാജ. വെറ്റിലയും ചുണ്ണാമ്പും നൽകിയാൽ ആദിവാസികൾ വോട്ട് ചെയ്യുമെന്ന ധാരണയിലാണ് ബി.ജെ.പി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്നും ആനിരാജ ആവശ്യപ്പെട്ടു.
വയനാട്ടിൽ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായാണ് ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുൽത്താൻ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.