കൊച്ചി: സംസ്ഥാനത്ത് ഇത്രയും മോശമായ തെരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥ വീഴ്ചയോ പ്രത്യേക നിർദേശമോ ഉണ്ടായോ എന്നത് പരിശോധിക്കണമെന്നും സതീശൻ പറഞ്ഞു.. “ഇത്രയും മോശമായ ഒരു തെരഞ്ഞെടുപ്പ് നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. പലയിടങ്ങളിലും വോട്ടിംഗ് മെഷീൻ കേടായ സാഹചര്യമുണ്ടായി. എന്നിട്ടാ മെഷീനുകൾ നന്നാക്കിയെടുക്കാൻ ഒരു മണിക്കൂർ ഒക്കെയാണെടുത്തത്. ചില സ്ഥലത്ത് ആവശ്യത്തിന് ഉദ്യോഗസ്ഥർ പോലുമുണ്ടായില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ അതത് സമയത്ത് കൃത്യമായി അറിയിച്ചിട്ടും നടപടിയുണ്ടായില്ല.. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. അപാകതകളിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷന് പരാതി നൽകും”. സതീശൻ പറഞ്ഞു.ഇപി ജയരാജൻ പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി എന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിലും വിഡി സതീശൻ പ്രതികരിച്ചു. ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നന്ദകുമാർ-ഇപി ബന്ധം മുഖ്യമന്ത്രിക്ക് നേരത്തേ അറിയാമെന്നും ഇന്നലെ തള്ളിപ്പറഞ്ഞത് നാടകമാണെന്നും സതീശൻ ആരോപിച്ചു.