തിരുവനന്തപുരം : കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് സിപിഎം നേതാവ് പി കെ ശശി. കെടിഡിസി ചെയര്‍മാന്‍ പദവിയില്‍ നിന്നും രാജിവെക്കാനല്ലല്ലോ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. പകരം കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കാനാണല്ലോ എന്നും പി കെ ശശി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി നടപടിയെടുത്തുവെന്ന് ആരാണ് നിങ്ങളോട് ബോധ്യപ്പെടുത്തിയത് ?. ഞങ്ങളുടെ പാര്‍ട്ടിയിലെ സംഘടനാപരമായ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. ഈ വാര്‍ത്തയ്ക്ക് ഒരച്ഛനുണ്ടല്ലോ. അതന്വേഷിക്ക്. അതു പുറത്തുവിട്. പി കെ ശശി പറഞ്ഞു. തനിക്കെതിരെ നടപടിയുണ്ടോയെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയട്ടേയെന്നും ശശി പറഞ്ഞു.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് പികെ ശശിക്കെതിരായ പ്രധാന ആരോപണം. പാർട്ടി ഓഫീസ് നിർമ്മാണഫണ്ടിൽ നിന്നും സമ്മേളന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപാ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും ബിനാമി സ്വത്തുക്കൾ സമ്പാദിച്ചതുമടക്കം വലിയ കണ്ടെത്തലുകൾ ശശിക്കെതിരെ റിപ്പോർട്ടിലുണ്ട്. കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.