എസ്കെ 25 ഏറെ പ്രതീക്ഷയോടെ കോളിവുഡ് കാത്തിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നാണ്. കൂടാതെ, സുധ കൊങ്കരയുടെ ചിത്രം എന്നതിനാല്‍ വലിയ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് പ്രതീക്ഷിക്കുന്ന ടൈറ്റിൽ സംബന്ധിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു.
നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്മാന് എന്നിവരെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്ത് പ്രഖ്യാപിക്കപ്പെട്ട പുറനാനൂര് എന്ന ചിത്രമാണ് ഇപ്പോള്‍ എസ്കെ 25 ആയത് എന്നാണ് വിവരം. 1965ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്റെയും മറ്റും പാശ്ചതലത്തിലുള്ള ഒരു ചിത്രമാണ് ഇതെന്നാണ് വിവരം. എന്തായാലും ചിത്രത്തിന്റെ ടൈറ്റില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നാണ് വിവരം. നായക വേഷത്തില്‍ മാത്രം കണ്ട രവി മോഹന്റെ പുതിയ രൂപമായിരിക്കും ചിത്രത്തില്‍ എന്നാണ് സൂചന. തെലുങ്ക് നടി ശ്രീലീലയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രവും ഇതാണ്.
സുധ കൊങ്കരയും ശിവകാർത്തികേയനും ഒന്നിക്കുന്ന ചിത്രത്തിന് പരാശക്തി എന്നാണ് പേരിട്ടിരിക്കുന്നത്. 1952-ൽ കൃഷ്ണ പഞ്ചു സംവിധാനം ചെയ്ത പരാശക്തി ശിവാജി ഗണേശന് ചിത്രത്തിന്റെ പേരാണ് ശിവകാര്ത്തികേയന് ചിത്രത്തിനും. അന്തരിച്ച മുൻ മുഖ്യമന്ത്രി എം.കരുണാനിധിയാണ് യഥാർത്ഥ സിനിമയുടെ തിരക്കഥ എഴുതിയത്.