തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്തുവരുകയാണെന്നും നെയ്യാറ്റിൻകര ഡിവൈഎസ്‍പി പറഞ്ഞു.
തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റിൽ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമെത്തി കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു.
കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ വീഴാൻ ഒരു സാധ്യതയില്ലെന്നും എംഎൽഎ പറഞ്ഞു. രാവിലെ വിവരം അറിഞ്ഞ ഉടൻ ഇവിടെ എത്തുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്സുമെത്തി കിണറ്റിൽ പരിശോധന നടത്തുകയായിരുന്നു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു.