വാംഖഡെയിൽ ഇന്ത്യൻ ഓപണർ അഭിഷേക് ശർമ അടിച്ചു തകർത്തത് നിരവധി റെക്കോർഡുകൾ. അഭിഷേകിന്റെ ഓൾ റൌണ്ട് പ്രകടനത്തിൽ ഇന്ത്യ 150 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങിൽ 54 പന്തിൽ നിന്നും 135 റൺസ് അടിച്ച അഭിഷേക് ശർമ്മ ബൗളിംഗിൽ ഒരോവറിൽ വെറും 3 റൺ മാത്രം വഴങ്ങി 2 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിൽപോലും ചെറുത്തുനിൽപ്പ് കാട്ടാനായില്ല. തന്റെ ഓൾ റൌണ്ട് പ്രകടന മികവിലൂടെ അഭിഷേക് ശർമ്മ കളിയിലെ താരവുമായി. 5 മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. 5 മത്സരങ്ങളിൽ നിന്നും 279 റൺസുമായി സീരിസിലെ ഏറ്റവും മികച്ച റൺ വേട്ടക്കാരനായും അഭിഷേക് തന്നെ. 5 മത്സരങ്ങളിൽ നിന്നും 14 വിക്കറ്റുകൾ പിഴുത ഇന്ത്യയുടെ സ്പിൻ മാന്ത്രികൻ വരുൺ ചക്രവർത്തിയാണ് സീരിസിലെ താരം.
ഏതൊക്കെ റെക്കോർഡുകളാണ് തകർന്നത്?
10 ഓവറുകൾ പിന്നിടുമ്പോൾ തന്നെ അഭിഷേക് സെഞ്ച്വറി നേട്ടം കൈവരിച്ചിരുന്നു. അന്താരാഷ്ട്ര t20 മത്സരങ്ങളിൽ 10.1 ഓവറിൽ ഒരു വ്യക്തി 100 കടക്കുന്നത് ഇതാദ്യം. ഇതിനുമുന്നെ സൗത്താഫ്രിക്കയുടെ ഡി കൊക്കിന്റെ 10.2 ഓവറിൽ നേടിയ സെഞ്ച്വറി എന്ന റെക്കോർഡാണ് മറികടന്നത്. ഒരു അന്താരാഷ്ട്ര t20 മത്സരത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച ഇന്ത്യൻ താരം എന്ന റെക്കോർഡും ഇനി അഭിഷേകിന് സ്വന്തം. രോഹിത്, സഞ്ജു, തിലക് വർമ്മ, എന്നിവരുടെ റെക്കോർഡുകളാണ് അഭിഷേക് വീഴ്ത്തിയത്.
ഒരു t20 ഇന്നിങ്സിലെ ഇന്ത്യക്കാരിൽ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി, രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറി എന്നെ റെക്കോർഡുകളും അഭിഷേക് നേടി. 12 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങും 35 പന്തിൽ സെഞ്ച്വറി നേടിയ രോഹിത് ശർമയുമാണ് ഇനി മുന്നിലുള്ളത്.