ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം. സിദ്ദീഖിനെതിരെ അന്വേഷണ സംഘം ഉടൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികളെല്ലാം ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിദ്ദീഖിനെതിരായ പരാതി.

നടി പരാതിയിൽ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലിൽ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സിദ്ദീഖിനെതിരായ തെളിവുകൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന്, ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും സിദ്ദീഖ് സുപ്രീംകോടതിയെ സമീപിച്ച് ജാമ്യം നേടുകയായിരുന്നു. സിദ്ദിഖ് പരാതിക്കാരിക്ക് അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നെന്നും പുതുതായി ആരംഭിക്കാനിരിക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാനെന്ന പേരിൽ പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നും പൊലീസ് നേരത്തെ കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിലുണ്ട്.