ദക്ഷിണ വ്യോമസേനയും സെൻ്റർ ഫോർ എയർ പവർ സ്റ്റഡീസും (CAPS) സംയുക്തമായി ‘ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വ്യോമ-നാവിക സേനയുടെ പോരാട്ട വീര്യം വർദ്ധിപ്പിക്കുക’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് നടന്ന സെമിനാറിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ജനറൽ അനിൽ ചൗഹാൻ മുഖ്യാതിഥിയായിരുന്നു. വ്യോമസേനാ ഉപമേധാവി എയർ മാർഷൽ എസ്പി ധാർകരും സന്നിഹിതനായിരുന്നു. വിശിഷ്ടാതിഥികളെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ സ്വീകരിച്ചു.

നിലവിലെ ആഗോള സാഹചര്യത്തിൽ തയ്യാറെടുപ്പിൻ്റെയും ജാഗ്രതയുടെയും ആവശ്യകതയെക്കുറിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തൻ്റെ മുഖ്യ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ സവിശേഷമായ ഭൂമിശാസ്ത്രപരമായ സ്ഥാനം സമുദ്രമേഖലയെ തന്ത്രപരമായ താൽപ്പര്യത്തിൻ്റെ സുപ്രധാന മേഖലയാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനും ആവശ്യമായ പ്രതിരോധം സൃഷ്ഠിക്കുന്നതിനും, ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ നാവികസേനയും തമ്മിലുള്ള സമന്വയ പ്രവർത്തനങ്ങൾ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. എയർ മാർഷൽ എസ്പി ധാർകർ തൻ്റെ മുഖ്യ പ്രസംഗത്തിൽ തത്സമയ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പ്രാധാന്യവും മേഖലയിൽ ഉയർന്നുവരുന്ന ഭീഷണികളെ നേരിടാൻ ഇന്ത്യൻ നാവികസേനയും ഇന്ത്യൻ വ്യോമസേനയും തമ്മിലുള്ള തടസ്സങ്ങളില്ലാത്ത ഏകോപനവും എടുത്തുപറഞ്ഞു.

രണ്ട് സെഷനുകളിലായി നടന്ന സെമിനാറിൽ ദക്ഷിണ വ്യോമസേന, CAPS, ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനം, ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി എന്നിവിടങ്ങളിലെ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയും മാരിടൈം എയർ ഓപ്പറേഷനുകളെ സംയോജിപ്പിക്കുന്നതിനെക്കുറിച്ചും പോരാട്ട ശക്തി വർധിപ്പിക്കുന്നതിനെക്കുറിച്ചും അവരുടെ കാഴ്ച്ചപ്പാടുകൾ അവതരിപ്പിച്ചു.
CAPS ഒരു സ്വയംഭരണ പ്രതിരോധ ഗവേഷണ-വിശകലന സ്ഥാപനമായി 2001-ൽ സ്ഥാപിതമായി, കൂടാതെ ദേശീയ സുരക്ഷ, പ്രതിരോധം, എയ്റോസ്പേസ് എന്നീ മേഖലകളിലെ ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നയരൂപീകരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും സംഭാവന ചെയ്യുന്നതിനൊപ്പം സായുധ സേനയ്ക്കും തന്ത്രപരമായ സമൂഹത്തിനും പൊതുജനങ്ങൾക്കും ഇടയിൽ ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സൗകര്യമൊരുക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.