സിപിഎം സംസ്ഥാന സമ്മേളനം കൊടിയിറങ്ങിയതോടെ പാർട്ടിയുടെ സംസ്ഥാനത്തെ കമ്മിറ്റികളെല്ലാം രൂപീകരിച്ചു കഴിഞ്ഞു. കോട്ടയം ജില്ലാ സമ്മേളനത്തിൽ എ വി റസ്സൽ ജില്ലാ സെക്രെട്ടറിയുമായി തെരെഞ്ഞടുക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാസത്തിനു ശേഷം എ വി റസ്സൽ അർബുദ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിക്കുകയും നാട്ടിലേക്കു മടങ്ങാൻ ഇരിക്കവേ ആരോഗ്യനില മോശമാവുകയും തുടർന്ന് മരണപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രെട്ടറിയെ തീരുമാനിക്കേണ്ടതായി വന്നത്.

തദ്ദേശ തെരഞ്ഞെടുപ്പും ശേഷം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനിരിക്കെ പാർട്ടി സംവിധാനത്തെ തെരഞ്ഞെടുപ്പിന് സജ്ജമാക്കേണ്ടതുമുണ്ട്. അതുകൊണ്ടു തന്നെ ജില്ലാ സെക്രെട്ടറിയെ ഉടൻ തന്നെ തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കോട്ടയത്ത് നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ടി ആർ രഘുനാഥനും കെ അനിൽ കുമാറിനുമാണ് പ്രഥമ പരിഗണന. മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി കെ ഹരികുമാർ, സി ഐ ടി യു നേതാവ് കെ എം രാധാകൃഷ്ണൻ എന്നിവരും പരിഗണനയിലുണ്ട്.