ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടമുയർത്തിയതിനു പിന്നാലെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. എന്റെ അഭിപ്രായത്തിൽ ടൂർണമെന്റിലെ താരം വരുൺ ചക്രവർത്തിയാണ്. സ്വന്തം കഴിവ് കൊണ്ട് ടൂർണമെന്റിന്റെ ഗതി മാറ്റിയ കളിക്കാരൻ ആണ് ടൂർണമെന്റിലെ താരം. വരുൺ ചക്രവർത്തിയുടെ ബൗളിംഗ് മികവ് ഇല്ലായിരുന്നെങ്കിൽ ഈ ടൂർണമെന്റിൽ ഇന്ത്യയുടെ വിധി മറ്റൊന്നാകുമായിരുന്നു.

ടൂർണമെന്റിൽ ആകെ 3 മത്സരങ്ങളിൽ മാത്രമാണ് വരുൺ കളിച്ചത്. അതിൽ സെമിയും ഫൈനലും ഉൾപെടും. കളിച്ച മത്സരങ്ങളിലെല്ലാം നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരാനും വരുണിനായി. ടൂർണമെന്റിലെ താരത്തെ തെരഞ്ഞെടുക്കാൻ എനിക്ക് അവസരമുണ്ടായിരുന്നെങ്കിൽ ഞാൻ വരുണിനെ തെരെഞ്ഞെക്കുമായിരുന്നു എന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

ന്യുസീലൻഡ് താരം രചിൻ രവീന്ദ്രയെയാണ് ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തത്. മിന്നും ഫോമിലുള്ള രചിൻ 4 മത്സരങ്ങളിൽ നിന്നുമായി 2 സെഞ്ചുറികളുൾപ്പടെ 251 റൺസ് നേടിയിരുന്നു. 3 മത്സരങ്ങൾ മാത്രം കളിച്ച വരുൺ 4.53 എക്കണോമിയിൽ 9 വിക്കറ്റുകൾ വീഴ്ത്തി കളിയുടെ ഗതി മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ചു.