വേനല്‍ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിനാണ് ഇളവ്. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ കറുത്ത ഗൗണും കോട്ടും ധരിച്ച് ഹാജരാകണമെന്ന് നിര്‍ബന്ധിക്കില്ല.

ജില്ലാ തലം മുതല്‍ താഴേക്കുള്ള കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷര്‍ട്ടും കോളര്‍ ബാന്‍ഡും ഉപയോഗിച്ചാല്‍ മതിയാകും. ഇവര്‍ക്ക് കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ ഇളവുണ്ട്. ഹൈക്കോടതികളില്‍ ഹാജരാകുന്നവര്‍ക്ക് ഗൗണ്‍ ധരിക്കുന്നതില്‍ മാത്രമാണ് ഇളവ്. മെയ് 31 വരെയാണ് ഇളവ് ബാധകം.
നേരത്തെ വസ്ത്രധാരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം.