9 മാസങ്ങൾക്കു ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസും ബുച് വിൽമോറും സുരക്ഷിതരായി തിരികെ ഭൂമിയിലെത്തി. ഇവർക്കൊപ്പം ബഹിരാകാശ യാത്രികരായ നിക് ഹോഗും അലക്സാണ്ടറും ഉണ്ടായിരുന്നു. പുലർച്ചെ 4:17 ന് ആദ്യം നിക് ഹേഗിനെയും പിന്നാലെ അലക്‌സാണ്ടര്‍, സുനിത, വില്‍മോര്‍ എന്നിവരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. സുരക്ഷിതമായി തിരികെയെത്തിയ പേടകത്തിൽ നിന്നും 30 മിനിറ്റുകൾക്കുള്ളിൽ തന്നെ റിക്കവറി പൂർത്തിയാക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3:30ഓടെയാണ് സ്പ്ലാഷ് ഡൗൺ നടന്നത്.

മെക്സിക്കൻ ഉൾക്കടലിൽ ഫ്ളോറിഡയ്ക്ക് സമീപം പാരച്ചൂട്ടുകളുടെ സഹായത്തോടെയാണ് പേടകം തിരികെയെത്തിച്ചത്. യാത്രികരെ അമേരിക്കൻ സൈന്യത്തിന്റെ കപ്പലിൽ നാസ കരയിലെത്തിച്ചു. കഴിഞ്ഞ വർഷം ജൂൺ 5ന് ആണ് സുനിതയും വിൽമോറും ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ജൂൺ പകുതിയോടെ തിരികെയെത്താം എന്ന പദ്ധതി ത്രസ്റ്ററുകളുടെ പ്രവർത്തനം തകരാറിലായതോടെ അനിശ്ചിതത്വത്തിലായിരുന്നു. ജൂൺ 14ന് തിരിക്കും എന്ന പദ്ധതി പലവട്ടം മാറ്റി വെച്ചു. ഒടുവിൽ 9 മാസങ്ങൾക്കു ശേഷം ഇപ്പോഴാണ് ബഹിരാകാശയാത്രികർ ഭൂമി തൊടുന്നത്.