വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായി നടിച്ച് കൈക്കൂലി വാങ്ങിയ കേസിൽ 4 പേർ പിടിയിലായി. പിറവം സെൻറ് ജോസഫ്‌സ് ഹൈസ്‌കൂൾ മുൻ പി ടി എ പ്രസിഡന്റ് ബിജു തങ്കപ്പൻ, നിലവിലെ പി ടി എ പ്രസിഡന്റ് പ്രസാദ്, അലേഷ്, രാകേഷ് എന്നിവരാണ് പിടിയിലായ നാലംഗ സംഘം. ഈ മാസാവസാനത്തോടെ വിരമിക്കാൻ പോകുന്ന പ്രധാന അദ്ധ്യാപകന്റെ പക്കൽ നിന്നുമാണ് ഇവർ കൈക്കൂലി വാങ്ങിയത്. 15 ലക്ഷം രൂപയാണ് അവർ പ്രധാന അദ്യാപകനിൽ നിന്നും ആവശ്യപ്പെട്ടത്.
വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതികൾ പിൻവലിക്കാമെന്നും ഇല്ലെങ്കിൽ പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞു വെക്കുമെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വഴി കൂടുതൽ നടപടി സ്വീകരിക്കുമെന്നും ഭീഷണി മുഴക്കി. ആവശ്യപ്പെട്ടിരുന്ന 15 ലക്ഷത്തിൽ നിന്നും 2 ലക്ഷം രൂപ ആദ്യ ഗഡുവായി കൊടുക്കുന്ന സമയത്താണ് വെഞ്ഞാറമൂട് കോഫി ഹൗസിൽ നിന്നും വിജിലൻസ് സംഘം ഇവരെ പിടികൂടിയത്.