ഒന്നര മാസമായി നടന്നുകൊണ്ടിരിക്കുന്ന ആശ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഇന്ന് സമരപന്തലിൽ ജനസഭ സംഘടിപ്പിക്കും. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക എന്ന ആവശ്യങ്ങൾ ഉയർത്തിയാണ് ആശ വർക്കർമാർ സെക്രെട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്നത്. സാമൂഹ്യ സാംസ്‌കാരിക പ്രമുഖർ ഇന്ന് നടക്കുന്ന ജനസഭയിൽ പങ്കെടുക്കും. സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്‍ മാഷ്, കല്‍പറ്റ നാരായണന്‍, ബി രാജീവന്‍, ടീസ്റ്റ സെതൽവാദ്, ജോയി മാത്യു, സി ആര്‍ നീലകണ്ഠന്‍, ഡോ. കെ ജി താര, സണ്ണി എം കപിക്കാട്, ശ്രീധര്‍ രാധാകൃഷ്ണന്‍ തുടങ്ങി പലരും ഇന്നത്തെ സഭയിൽ പങ്കെടുക്കും.

സർക്കാർ തലത്തിലുള്ള രണ്ടു ചർച്ചകളും പരാജയം ആയതോടെ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണവർ. KAHWA ജനറൽ സെക്രട്ടറി എം എം ബിന്ദു, തങ്കമണി, ശൈലജ എന്നിവരാണ് നിരാഹാരം കിടക്കുന്നത്. ആശമാരുടെ സമരത്തെപ്പറ്റിയും മറ്റു കാര്യങ്ങളും ചർച്ച ചെയ്യുവാൻ ഈ ആഴ്ച തന്നെ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്.