ഇടതിന്റെ വീറും ആവേശവും കാത്തിരിക്കുന്ന പോരാട്ട ഭൂമിക. വെട്ടിപ്പിടിച്ചതെല്ലാം സ്വന്തം വോട്ടുകൾ തന്നെ ആയിരുന്നെന്നു മാലോകരെ അറിയിക്കേണ്ട തെരഞ്ഞെടുപ്പ്. കൂടെ നിർത്തിയവരെ തന്നെ തിരിഞ്ഞു കൊത്തിയ പി വി അൻവറിന് എണ്ണിയെണ്ണി മറുപടികൊടുക്കേണ്ട ഭാരിച്ച ചുമതല. അങ്ങനെ നിലമ്പൂർ മണ്ഡലം ഇടത് പക്ഷത്തിന് നിർണായകമാവുമ്പോൾ ഏക പ്രതീക്ഷയായിരുന്ന എം സ്വരാജ് മത്സരക്കളത്തിലേക്കില്ലെന്ന് പ്രഖ്യാപിക്കുന്നു. സ്വരാജ് എന്തുകൊണ്ട് നിർണായക ഘട്ടത്തിൽ ചുവട് മാറ്റി? പകരക്കാരനാര് തുടങ്ങിയ ചോദ്യങ്ങളിൽ കുടുങ്ങിയ സിപിഎമ്മിന്റെ അടുത്ത നീക്കമെന്ത്? കരുമാറ്റിക്കളിക്കുമോ സിപിഎം ? നോക്കാം.. നിലമ്പൂരിലെ രാഷ്ട്രീയനീക്കങ്ങൾ.

മുപ്പത് വർഷത്തോളം കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു നിലമ്പൂർ. ആര്യാടൻ മുഹമ്മദിലൂടെ യുഡിഎഫ് ആധിപത്യം സ്ഥാപിച്ച മണ്ഡലം. ആര്യാടൻ വിരമിച്ച ശേഷം ഈ മണ്ഡലം ഇടത്തേക്ക് ചാഞ്ഞത് പി വി അൻവറിലൂടെയാണ്. 2016-ൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെതിരെ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പി വി അൻവർ മണ്ഡലം പിടിച്ചെടുത്തത്.
2021-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂരിൽ കളമൊരുങ്ങുന്നത്. നാലിൽ മൂന്നിലും ജയിച്ചത് യുഡിഎഫായിരുന്നു. അതാവട്ടെ അവരുടെ സിറ്റിങ് സീറ്റുകളും. എൽഡിഎഫ് അവരുടെ സിറ്റിങ് സീറ്റായ ചേലക്കരയും നിലനിർത്തി. തൃക്കാക്കര, പുതുപ്പള്ളി ഏറ്റവും ഒടുവിൽ പാലക്കാടും യുഡിഎഫിനൊപ്പം തന്നെ നിന്നു. എന്നാൽ നിലമ്പൂരിൽ വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമായിരിക്കും. പിണറായിസം അവസാനിപ്പിക്കാൻ യുഡിഎഫിന്റെ പിന്തുണയോടെ അൻവറും അൻവറിന് മറുപടി കൊടുക്കാൻ എൽഡിഎഫും തയ്യാറെടുക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം പ്രധാന കടമ്പായാണ്.

2021-ൽ ശക്തമായ മത്സരം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വി വി പ്രകാശിനെതിരെ 2791 വോട്ട് നേടിയാണ് അൻവർ ജയിച്ചത്. അൻവറിലൂടെ വിജയിച്ച ഫോർമുലയിൽ അൻവറിലൂടെ തന്നെ കൈ പൊള്ളിയ പാർട്ടി ഇത്തവണ പാർട്ടി ചിഹ്നത്തിൽ നേരിട്ട് സ്ഥാനാർത്ഥിയെ നിർത്തുന്നതിനായിരുന്നു പ്രഥമ പരിഗണന . അതുകൊണ്ടാണ്നാട്ടുകാരൻ എന്ന നിലയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജിന്റെ പേര് ഇടം പിടിച്ചത്. സ്വരാജ് മത്സരിച്ചാൽ വീറും വാശിയും കൂടുംമെന്ന് പാർട്ടി ഉറപ്പിച്ചു.
എന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് രംഗത്തെത്തിയത് അക്ഷരത്തത്തിൽ പാർട്ടിക്ക് തിരിച്ചടിയായി. മണ്ഡലത്തിന്റെ ചുമതല നൽകിയിട്ടുള്ള സ്വരാജ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. നിലമ്പൂരിൽ അനുകൂല സാഹചര്യമാണ് സി.പി.എമ്മിനുള്ളതെന്ന് പറഞ്ഞു കൊണ്ട് സ്വരാജ് പിൻമാറിയത് പരാജയഭീതിയും പാർട്ടിക്കുള്ളിലെ ചില നീക്കങ്ങളും മുന്നിൽക്കണ്ടാണെന്നും റിപ്പോർട്ടുകളുണ്ട്.
മണ്ഡലത്തിലെ മുൻ എം.എൽ.എ കൂടിയായ പി.വി അൻവർ സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ് ചില ആരോപണങ്ങൾ ഉന്നയിച്ച് സി.പി.എമ്മിൽ കലഫാപക്കൊടി ഉയർത്തിയത്. ഇതിനിടയിൽ വളരെ നിഗൂഡമായി ചില മാറ്റങ്ങളും സി.പി.എമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിലുണ്ടായിരുന്നു. മുതിർന്ന നേതാക്കളായ വിജയരാഘവൻ, എം.വി ഗോവിന്ദൻ, പി.ജയരാജൻ എന്നിവരുടെ പിന്തുണയോടെയാണ് അൻവർ പടപ്പുറപ്പാട് നടത്തിയതെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുകയാണ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി എം.ആർ അജിത് കുമാറിനുമെതിരെ എന്ന രീതിയിലാണ് അൻവർ ആരോപണങ്ങൾ ഉന്നയിച്ച് തുടങ്ങിയത്. ഇതോടെ പിണറായി അപകടം മണത്തു. തന്റെ കൈയ്യിൽ നിന്നും ചിലർ പാർട്ടി പിടിക്കാൻ നടത്തുന്ന നീക്കവും അദ്ദേഹം മനസിലാക്കി. ഇതിനിടെ ചില ചേരിമാറ്റങ്ങളും സി.പി.എമ്മിൽ നടന്നു.
ഇതിന്റെ ഭാഗമായി പിണറായിക്കൊപ്പമുണ്ടായിരുന്ന സ്വരാജ് ഗോവിന്ദൻ പക്ഷത്തേക്ക് മാറുകയും ചെയ്തു. ഗോവിന്ദൻ പക്ഷത്തുണ്ടായിരുന്ന ചിലർ പിണറായിക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. എന്നാൽ അൻവറിനെ വെച്ച് പാർട്ടിയിലെ ചിലർ നടത്തിയെന്ന് കരുതപ്പെടുന്ന ഒളിപ്പോര് പിണറായി നേരിട്ടിറങ്ങി ശശിക്ക് പിന്തുണ നൽകിയതോടെ അവസാനിക്കുകയും ചെയ്തു.
ചേരിമാറിയ ചിലരെ പാർട്ടിക്കുള്ളിൽ ഒതുക്കാനുള്ള നീക്കവും ഇരുപക്ഷത്തും സജീവമാണ്. അതിന്റെ ഭാഗാമായാണോ തനിക്ക് വെച്ച് നീട്ടിയ സ്ഥാനാർത്ഥിത്വം സ്വരാജ് നിഷേധിച്ചതെന്നും ചോദ്യമുയരുന്നുണ്ട്. നിലമ്പൂരിൽ പി.വി അൻവർ രാഷ്ട്രീയമായി ഒറ്റപ്പെട്ടുവെന്നും സി.പി.എമ്മിനാണ് സാദ്ധ്യതയെന്നും വ്യക്തമാക്കുന്ന സ്വരാജ് മത്സരത്തിൽ നിന്നും വിട്ട് നിൽക്കുന്നതാണ് അമ്പരപ്പുളവാക്കുന്നത്.
30 വർഷത്തോളം ആര്യാടൻ മുഹമ്മദ് ജയിച്ചിരുന്ന നിലമ്പൂർ മണ്ഡലത്തിൽ രണ്ടു തവണ അട്ടിമറി വിജയം നേടിയാണ് അൻവർ ഇടതുകേന്ദ്രങ്ങളിൽ താരമായത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതു സ്ഥാനാർഥിയെ നാലാം സ്ഥാനത്തേക്കു പിന്തള്ളിയാണ് അൻവർ ഇടതുക്യാമ്പിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2016-ൽ നിലമ്പൂർ പിടിക്കാൻ എൽ.ഡി.എഫ് അൻവറിനെ നിയോഗിച്ചു.
2021-ലും വിജയം ആവർത്തിച്ചു. പൊലീസിനെതിരായി അൻവർ ഉയർത്തിയ ആരോപണം കാര്യമായി ഏറ്റെടുക്കാതെ വന്നതോടെയാണു സി.പി.എമ്മിനും പിണറായിസത്തിനുമെ തിരെ അൻവർ യുദ്ധപ്രഖ്യാപനം നടത്തിയത്. മാസങ്ങൾ നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ ഇക്കഴിഞ്ഞ ജനുവരിയിൽ അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചു.
അൻവർ മണ്ഡലമൊഴിഞ്ഞതു മുതൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ സ്വരാജ് നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ തനിക്ക് സ്ഥാനാർത്ഥിത്വം വേണ്ടെന്ന നിലപാടിലേക്ക് സ്വരാജ് എത്തിയതോടെ പാർട്ടി ജില്ലാ കമ്മറ്റി അംഗം പി. ഷബീർ, മേഖല കമ്മിറ്റി അംഗം വി.എം. ഷൗക്കത്ത് എന്നിവരുടെ പേരാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം കൂടി വിലയിരുത്തിയ ശേഷമാകും സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കുക.