മുതലപ്പൊഴി അഴിമുഖത്തിൽ മണൽ അടിഞ്ഞു മൂടുന്ന വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സംയുക്ത മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതി. ഫിഷറീസ് മന്ത്രിയുമായി ചർച്ച ചെയ്തതിന് ശേഷമാണ് കോടതിയിലേക്ക് നീങ്ങുക. തങ്ങളുടെ പ്രശ്നങ്ങൾ ഇത്രയും അധികം തവണ ഉയർത്തിയിട്ടും പരിഹാരം കാണാത്തതിനാൽ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. സമരപ്രഖ്യാപനം എന്ന നിലയ്ക്ക് സിഐടിയു, ഐഎൻടിയുസി, പെരുമാതുറ – പുതുക്കുറിച്ചി താങ്ങുവല അസോസിയേഷൻ എന്നീ സംഘടനങ്ങൾ ഹാർബർ എക്സ്ക്യൂട്ടീവ് എഞ്ചീനിയറുടെ ഓഫീസ് അനിശ്ചിതകാലമായി ഉപരോധിച്ചു.

വകുപ്പുതല നടപടി ഉടനെ ഉണ്ടായില്ലെങ്കിൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ സംഘടിത ശക്തി നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ഉപരോധിച്ചും സെക്രട്ടറിയേറ്റ് വളഞ്ഞും പ്രകടമാക്കും എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കായൽ വെള്ളം സമീപത്തെ വീടുകളിൽ കയറുന്നത് തടയാൻ പൊഴി മുറിച്ചു വിടാനുള്ള അധികൃതരുടെ ശ്രമത്തെയും മത്സ്യത്തൊഴിലാളികൾ തടഞ്ഞിരിക്കുകയാണ്.