ബംഗളൂരു: 77 വയസ്സ് പ്രായമുള്ള കൃഷ്ണപ്പയെന്ന ബംഗളൂരു സ്വദേശി മരിച്ചത് അപകടത്തിൽപ്പെട്ടാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസുമെല്ലാം കരുതിയത്. എന്നാൽ സംശയം തോന്നിയ മകൻ സതീഷ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തെളിഞ്ഞത് ബൈക്ക് മോഷ്ടാവ് പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്.
നോർത്ത് വെസ്റ്റ് ബംഗളൂരു സ്വദേശി കൃഷ്ണപ്പ വീട്ടിൽ നിന്നിറങ്ങിയത് തനിക്ക് ആവശ്യമുള്ള ചില മരുന്നുകൾ വാങ്ങാനായിരുന്നു. മെഡിക്കൽ സ്റ്റോറിന് സമീപം പാർക്ക് ചെയ്തിരുന്ന തന്റെ സ്‌കൂട്ടറിൽ ഒരു ബൈക്ക് തട്ടിയത് കണ്ട് അയാളോട് ദേഷ്യപ്പെടുകയും ചെയ്തു. തിരിച്ചെത്തിയ ബൈക്ക് യാത്രക്കാരൻ കൈയിൽ കിട്ടിയ കല്ല് ഉപയോഗിച്ച് കൃഷ്ണപ്പയുടെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം സ്ഥലം വിടുകയും ചെയ്തു.
കൃഷ്ണപ്പ നിലത്ത് വീണ് കിടക്കുന്നത് കണ്ട നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിയ പൊലീസുകാരോട് നാട്ടുകാർ പറഞ്ഞതനുസരിച്ച് അപകട മരണമാണെന്ന നിഗമനത്തിൽ പൊലീസും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു
എന്നാൽ സംഭവത്തിൽ സംശയം തോന്നിയ കൃഷ്ണപ്പയുടെ മകൻ അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പിതാവ് ഒരാളുമായി തർക്കത്തിലേർപ്പെടുന്നതും കല്ല് ഉപയോഗിച്ച് അക്രമി പിതാവിനെ തലയ്ക്കടിക്കുന്നതും കണ്ടെത്തിയത്. ഈ വിവരങ്ങൾ പൊലീസിനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് പുതിയ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സർഫറാസ് എന്ന യുവാവ് മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് കൃഷ്ണപ്പയുമായി പ്രശനം ഉണ്ടായതെന്നും ക്ഷുഭിതനായി കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത്.
മര്യാദക്ക് വണ്ടിയോടിക്കണമെന്ന് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായ പ്രകോപനമെന്ന് പൊലീസ് പറയുന്നു. സർഫറാസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ നഗരത്തിലെ കുപ്രസിദ്ധ ബൈക്ക് മോഷ്ടാവാണെന്ന് പൊലീസ് അറിയിച്ചു.