മലപ്പുറം: നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാത്തതിന് അംഗൻവാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചതായി പരാതി. മലപ്പുറം പൊന്മള ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരോടാണ് ഐസിഡിഎസ് സൂപ്പർവൈസർ വിശദീകരണം തേടിയത്.
പൊന്മള പഞ്ചായത്തിൽ ഇന്നലെ വൈകിട്ട് നാല് മണിക്കായിരുന്നു നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ സംഘടിപ്പിച്ചത്. ജാഥയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അംഗൻവാടി ജീവനക്കാർക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേയ്ക്ക് പോയവർ വ്യക്തമായ കാരണം എഴുതി നൽകണമെന്നാണ് സൂപ്പർവൈസർ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്കാണ് സന്ദേശമെത്തിയത്.
നവകേരള സദസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ കത്തിനിൽക്കവേയാണ് പുതിയ പരാതി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐക്കാർ മർദ്ദിച്ചതും അതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതും വിവാദമായിരുന്നു.
വാഹനത്തിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ വിദ്യാർത്ഥികളെ വഴിയിൽ നിർത്തിയതും ജനരോഷത്തിന് കാരണമായി. വിഷയത്തിൽ കോടതി ഇടപെടുകയും തുടർന്ന് നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയും ചെയ്തു. സർക്കാർ പരിപാടികൾക്കായി വിദ്യാർത്ഥികളെ വെയിൽ കൊള്ളിക്കരുതെന്ന് മുഖ്യമന്ത്രിക്കും പറയേണ്ടിവന്നു.
പരിപാടിക്കായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് സംഭാവന നൽകുന്നതിനെ ചൊല്ലിയും തർക്കമുണ്ടായി. യുഡിഎഫിന്റെ കീഴിലുള്ള തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നൽകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വാക്ക് ധിക്കരിച്ച് നവകേരള സദസിനായി പ്രതിപക്ഷത്തെ ഏതാനും തദ്ദേശസ്ഥാപനങ്ങൾ വിഹിതം നൽകി. യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം മറികടന്ന് സതീശന്റെ മണ്ഡലമായ വടക്കൻ പറവൂരിലെ നഗരസഭ സെക്രട്ടറി നവകേരള സദസിന് ഒരു ലക്ഷം രൂപ അനുവദിച്ചത് സംഘർഷത്തിന് വഴിയൊരുക്കി. യുഡിഎഫ് ഭരണസമിതിയായ കോന്നി ബ്ളോക്ക് പഞ്ചായത്തും നവകേരള സദസിന് പണം അനുവദിച്ചിരുന്നു.