ശ്രീകണ്ഠപുരം: ജില്ലയിൽ മയക്കുമരുന്ന് ഉൾപ്പെടെ ലഹരിവസ്തുക്കളുടെ ഒഴുക്ക്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതൽ നവംബർ വരെ എക്സൈസ് മാത്രം പിടികൂടിയത് 543 പേരെ. ഇക്കാലയളവിൽ 1347 അബ്കാരി കേസും 553 മയക്കുമരുന്ന് കേസും 3903 പുകയില കേസുമാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. അബ്കാരി കേസിൽ 1026 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 54 വണ്ടികളും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയ 20 വണ്ടികളും പിടികൂടി. 236 സംയുക്ത പരിശോധനകളാണ് ഈ വർഷം നടത്തിയത്.
പുകയില ഉൽപന്നങ്ങൾ പിടികൂടിയ വകയിൽ മാത്രം നവംബർ വരെ പിഴയീടാക്കിയത് 7,87,800 രൂപയാണ്. തൊണ്ടിമുതലായി 1,12,855 രൂപയും 30 മൊബൈൽ ഫോണും എക്സൈസ് പിടികൂടിയിട്ടുണ്ട്. കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണർ ടി. രാഗേഷിന്റെ മേൽനോട്ടത്തിൽ ജില്ലയിലാകെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ പിടികൂടിയത്. പുരുഷൻമാർ മാത്രമാണ് മുൻ വർഷങ്ങളിലെല്ലാം അധികം പിടിയിലായതെങ്കിലും ഈ വർഷം നിരവധി യുവതികളും വീട്ടമ്മമാരും മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്.