തൃപ്രയാർ: ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി സി.സി. മുകുന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കളിക്കളം ഒരുക്കാൻ ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’. കുറഞ്ഞത് ഒരേക്കർ സ്ഥലത്ത്, ഒരു കോടി ചെലവിലാണ് ഓരോ കളിക്കളങ്ങൾക്കുമുള്ള ഡിസൈൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിൽ 50 ലക്ഷം കായികവകുപ്പ് മുടക്കും. എം.എൽ.എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി.എസ്.ആർ, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുക കണ്ടെത്താൻ ശ്രമിക്കുമെന്ന് എം.എൽ.എ പറഞ്ഞു. സ്കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് (എസ്.കെ.എഫ്) നിർമാണ ചുമതല. എം.എൽ.എയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് വി.ഡി. ഷിനിത, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസി. എൻജിനീയർ സി.ജി. ശ്രേയസ്, പ്രൊജക്റ്റ് എൻജിനീയർ പി.സി. രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ അജയഘോഷ്, മണിലാൽ, പി.ടി.എ പ്രസിഡന്റ് ഷഫീഖ് വലപ്പാട് എന്നിവരും ഉണ്ടായിരുന്നു.