ജോഹന്നാസ്ബർഗ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരം ആരംഭിച്ച് പത്ത് ഓവർ പിന്നിടുമ്പോൾ നാല് മുൻനിര ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ കൂടാരം കയറിയിരിക്കുകയാണ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അർശ്ദീപ് ഷോക്ക്. നാല് വിക്കറ്റ് പിഴുത് ഇന്ത്യൻ പേസർ അർശ്ദീപ് സിങ്ങും മൂന്നു വിക്കറ്റുമായി ആവേശ് ഖാനുമാണ് ആതിഥേയരെ ഞെട്ടിച്ചിരിക്കുന്നത്. 15 ഓവറിൽ ഏഴിന് 65 എന്ന നിലയിൽ വൻതകർച്ചയിലാണ് ദക്ഷിണാഫ്രിക്ക.
രണ്ടാം ഓവറിൽ തന്നെ അർശ്ദീപ് വക ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ട പ്രഹരം. ഓപണർ റീസ ഹെൻഡ്രിക്‌സിന്റെ ബാറ്റിൽ എഡ്ജായ പന്ത് കുറ്റിയും പിഴുതാണു കടന്നുപോയത്. റീസ സംപൂജ്യനായി മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്‌കോർബോർഡിലുണ്ടായിരുന്നത് മൂന്ന് റൺസ് മാത്രം. തൊട്ടടുത്ത പന്തിൽ റസി വാൻഡെർ ഡസ്സനെ വിക്കറ്റിനു മുന്നിൽ കുരുക്കി വീണ്ടും ഞെട്ടിച്ചു അർശ്ദീപ്. ഗോൾഡൻ ഡക്ക്.
അരങ്ങേറ്റക്കാരൻ ടോണി ഡി സോർസിയായിരുന്നു അടുത്ത ഇര. ഏഴാം ഓവറിൽ അർശ്ദീപിന്റെ ഷോർട്ട് പിച്ച് പന്തിൽ പുൾഷോട്ടിനു ശ്രമിച്ച സോർസിക്കു പിഴച്ചു. ടോപ്പ് എഡ്ജായി വിക്കറ്റിനു പിന്നിൽ കെ.എൽ രാഹുലിന്റെ കൈയിൽ ഭദ്രം. 22 പന്തിൽ 28 റൺസുമായി മികച്ച തുടക്കത്തിനുശേഷമായിരുന്നു സോർസി വീണത്. രണ്ടുവീതം സിക്‌സറും ഫോറും പറത്തിയിരുന്നു താരം. തൊട്ടടുത്ത ഓവറിൽ ഹെൺറിച്ച് ക്ലാസനെ(ആറ്) ബൗൾഡാക്കി അർശ്ദീപ് നാലു വിക്കറ്റ് തികയ്ക്കുമ്പോൾ 52 റൺസായിരുന്നു പ്രോട്ടിയാസ് സ്‌കോർബോർഡിലുണ്ടായിരുന്നത്.
തൊട്ടടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റ് പിഴുത് ആവേശ് ഖാനും പാർട്ടിയുടെ ഭാഗമായി. ക്യാപ്റ്റൻ മാർക്രാമിനെ(12) ബൗൾഡാക്കിയായിരുന്നു തുടക്കം. തൊട്ടടുത്ത പന്തിൽ ഓൾറൗണ്ടർ വിയാൻ മുൾഡർ ഗോൾഡൻ ഡക്കായും മടങ്ങി. അവസാന പ്രതീക്ഷയായ ഡേവിഡ് മില്ലറെ(രണ്ട്) ആവേശ് രാഹുലിന്റെ കൈയിലെത്തിച്ചതോടെ നാണംകെട്ട സ്‌കോർ മുന്നിൽകാണുകയാണ് ആതിഥേയർ.