തിരുവനന്തപുരം: കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ചാൻസലര്‍ പങ്കെടുത്ത സെമിനാറിൽ നിന്ന് വിട്ടുനിന്ന വൈസ് ചാൻസലറോട് വിശദീകരണം തേടുമെന്ന് രാജ്ഭവൻ… വിസിയുടേത് കീഴ്‌വഴക്ക ലംഘനമാണെന്നാണ് രാജ്‌ഭവന്റെ വിലയിരുത്തൽ. എന്നാൽ അനാരോഗ്യം കാരണമാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് ഇന്നലെ വിസി അറിയിച്ചിരുന്നു.
പക്ഷെ വിസി തന്റെ അസാന്നിധ്യത്തിൽ പരിപാടിയിൽ പ്രോ വൈസ് ചാൻസലറെ പങ്കെടുപ്പിക്കാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്. നേരത്തെ കോഴിക്കോട് സര്‍വകലാശാലയിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകൾ നീക്കം ചെയ്യാത്തതിലും വിസിയോട് ചാൻസലര്‍ വിശദീകരണം തേടിയിരുന്നു.
ഇന്നലെ വൈകീട്ട് മൂന്നരയ്ക്കാണ് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന വിഷയത്തിൽ കോഴിക്കോട് സര്‍വകലാശാലയിൽ സെമിനാർ നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം വിസിയടക്കമുള്ളവര്‍ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. കാലിക്കറ്റ് സർവകലാശാല സനാധന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. പരിപാടിയിൽ പാസ് ഉള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം.