എരുമേലി: ശബരിമല തീർഥാടന ഭാഗമായി ആരോഗ്യ വകുപ്പ് എരുമേലിയിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ അടപ്പിച്ചു. വൃത്തിഹീനമായും ശുചിത്വമില്ലാതെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച ശ്രീകൃഷ്ണ ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചത്.
എരുമേലി ടൗൺ, കൊരട്ടി, കണമല എന്നിവിടങ്ങളിൽ ഭക്ഷണസാധനങ്ങൾ വിതരണവും കൈകാര്യവും ചെയ്യുന്ന 24 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹെൽത്ത് കാർഡില്ലാതെയും ശരിയായ രീതിയിൽ മാലിന്യം സംസ്കരിക്കാതെയും വ്യാപാരം നടത്തുന്ന മൂന്ന് കച്ചവടസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഖര, ദ്രവ്യ മാലിന്യ നിർമാർജനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പരിശോധന നടത്തി റിപ്പോർട്ട് പ്രദർശിപ്പിക്കണമെന്നും നിർദേശം നൽകി.
എല്ലാ കടകളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.