ന്യൂഡൽഹി: കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ ചൊല്ലിയാണ് ഭിന്നത . ചടങ്ങിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് പശ്ചിമബംഗാൾ ഘടകം ആവശ്യപ്പെടുമ്പോൾ വിട്ടുനിൽക്കരുതെന്ന ആവശ്യമാണ് യുപിയിലെ നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം കോൺഗ്രസ് സ്വീകരിച്ചിരുന്നു. എന്നാൽ ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം കക്ഷികളും വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ കോൺഗ്രസ് ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിലും ഭിന്നത രൂക്ഷമാണ്. ക്ഷണം ലഭിച്ചാൽ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സമാജ്വാദി പാർട്ടി നേതാവ് ഡിംപിൾ യാദവ് അറിയിച്ചത്. രാമക്ഷേത്ര നഗരവുമായി പാർട്ടിക്ക് പഴയ ബന്ധമുള്ളതിനാൽ ഉദ്ധവ് താക്കറയെ അയോധ്യ സന്ദർശിക്കാൻ ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിയേക്കാൾ മുമ്പ് തന്നെ ഞങ്ങൾ അയോദ്ധ്യയിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.ഉദ്ഘാടനത്തിൽ ക്ഷണം ലഭിച്ച കോൺഗ്രസ് രാമക്ഷേത്ര ട്രസ്റ്റിന് നന്ദി അറിയിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ ഞങ്ങളെ ക്ഷണിച്ചിരുന്നെന്നും നന്ദി അറിയിക്കുന്നു എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൾ അറിയിച്ചത്. ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചെന്ന് സോണിയ ഗാന്ധിയും അറിയിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ അയോദ്ധ്യ വിഷയം ബിജെപി ആയുധമാക്കുമെന്നത് കോൺഗ്രസിന് അറിയാം. അതുകൊണ്ട് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പറയാൻ പാർട്ടിക്ക് ധൈര്യമില്ല. എന്നാൽ ഇന്ത്യ സഖ്യത്തിലെ മുന്നണികൾ വിട്ടുനിൽക്കുന്നതോടെ കോൺഗ്രസ് എന്ത് തീരുമാനമെടുക്കണമെന്ന് കണ്ടറിയണം.