പാലക്കാട്: പുതുവർഷം എത്തിയതോടെ വാളയാർ അതിർത്തി വഴി സ്പിരിറ്റ് കടത്ത് വർധിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന സ്പിരിറ്റിന്റെ ഇടത്താവളം കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി ജില്ലകളാണ്. ആന്ധ്ര, കർണാടക, തമിഴ്നാടിന്റെ ഇതര ജില്ലകൾ എന്നിവിടങ്ങളിൽനിന്ന് എത്തുന്ന സ്പിരിറ്റ് സുക്ഷിക്കുന്നത് ഈറോഡ്, സേലം, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്. ഇവിടെ നിന്നാണ് ആവശ്യാനുസരണം സമയവും സന്ദർഭവും നോക്കി കേരളത്തിലേക്ക് സ്പിരിറ്റ് എത്തുന്നത്.
അതിർത്തി കടന്ന് കേരളത്തിലെത്തുന്ന സ്പിരിറ്റ് കൂടുതലും സൂക്ഷിക്കുന്നത് മറ്റ് ജില്ലകളിലാണ്. ദേശീയപാത വഴി സാധനം വളരെ വേഗം നിർദിഷ്ട സ്ഥലത്ത് എത്തിക്കാനും കഴിയും. കേരളത്തിലേക്ക് പ്രവേശിക്കുന്ന മറ്റ് അതിർത്തികളിൽ കൂടുതൽ വനമേഖല ഉൾപ്പെടുന്നതിനാൽ പരിശോധന കൂടുതലാണ്.
ഈ സാഹചര്യം മുതലെടുത്താണ് സ്പിരിറ്റ് ലോബി വാളയാർ വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്പിരിറ്റ് കടത്തുന്നത്. കഞ്ചിക്കോട്ടെ വ്യാവസായിക കേന്ദ്രങ്ങളിലേക്ക് വ്യാവസായിക സ്പിരിറ്റ് ആവശ്യമാണ്. ഇതിന്റെ മറവിലും സ്പിരിറ്റ് എത്തുന്നുണ്ട്.