തിരുവനന്തപുരം: അയോധ്യ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. അത് തിരിച്ചറിയാൻ മതേതര പാർട്ടികൾക്ക് കഴിയണം. ബാബരി പള്ളി തകർത്തത് കോൺഗ്രസിന്റെ കാലത്തല്ലേയെന്നും ജയരാജൻ ചോദിച്ചു. ‘ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് അയോധ്യയും രാമക്ഷേത്ര ഉദ്ഘാടനവുമെല്ലാം. ഇത് തിരിച്ചറിയാൻ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയും. മതനിരപേക്ഷ പാർട്ടികൾ ഇക്കാര്യങ്ങളെല്ലാം മനസിലാക്കും. അയോധ്യയിലെ ബാബരി പള്ളി തകർത്തത് ഇന്ത്യ രാജ്യത്ത് വർഗീയ വിദ്വേഷമുണ്ടാക്കി, വർഗീയ സംഘർഷമുണ്ടാക്കി, മതപരമായ ചേരിതിരിവുകൾ ഉണ്ടാക്കി. വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ബി.ജെ.പി നടത്തിയ രാഷ്ട്രീയ സമരമാണിത്. ഇതിെൻറയൊക്കെ നേട്ടമാണ് ബി.ജെ.പി കൊയ്തുകൊണ്ടിരിക്കുന്നത്’ ഇ.പി ജയരാജൻ പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ബി.ജെ.പി ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് സി.പി.എം നേരത്തെ അറിയിച്ചിരുന്നു. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്മോഹന് സിങ് എന്നിവരെയും ബി.ജെ.പി ക്ഷണിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ,
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് കോൺഗ്രസിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. നേതാക്കളുടെ പ്രതികരണങ്ങളിൽ അതൃപ്തിയെ തുടർന്നാണ് ഹൈകമാൻഡ് തീരുമാനമെന്നാണ് റിപ്പോർട്ട്. ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുതെന്നാണ് നേതാക്കൾക്ക് നേതൃത്വത്തിന്റെ മുന്നറിയിപ്പ്.