തിരുവനന്തപുരം: വാഹന ദുരുപയോഗത്തിൽ ഇടുക്കി ജില്ല മുൻ ഇൻഫർമേഷൻ ഓഫിസർ എൻ. സതീഷ് കുമാറിൽനിന്ന് 23,918 രൂപ ഈടാക്കണമെന്ന് ധനകാര്യ അന്വേഷണ റിപ്പോർട്ട്. 2019, 2020 വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ധന ഉപഭോഗം നടന്ന 2020 ആഗസ്റ്റ് മാസത്തിലെ തുകയുടെ പകുതി സതീഷ് കുമാർ തിരിച്ചടക്കണെന്നാണ് നിർദേശം. ഇന്ധന ഉപഭോഗത്തിനായി അന്ന് ചെലവഴിച്ച 47,836 രൂപയാണ്. അതിന്‍റെ പകുതിയായ 23,918 രൂപ ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
യാത്ര തുടങ്ങുന്നതിന് മുൻപ് യാത്ര സംബന്ധിച്ച് അവശ്യം വേണ്ട വിവരങ്ങൾ ലോഗ് ബുക്കിൽ രേഖപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. അത് പാലിച്ചിട്ടില്ല. യാത്ര അവസാനിച്ചാലുടൻ യാത്ര ചെയ്ത ദൂരവും ഉദ്യോഗസ്ഥന്റെ ഒപ്പും ലോഗ് ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഈ നിർദേശത്തിന് വിരുദ്ധമായി ഒരു ദിവസം ഒന്നിലധികം തവണ നടത്തുന്ന യാത്രകൾ ഒരു യാത്രയായി പരിഗണിച്ച് ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയാണ് ചെയ്തത്. ഇത് അംഗീകരിക്കാൻ കഴിയില്ല. അതിനാൽ ഓരോ യാത്രയുടെ വിവരവും ലോഗ് ബുക്കിൽ പ്രത്യേകം രേഖപ്പെടുത്തുന്നതിനുള്ള നിർദേശം ഭരണവകുപ്പ് നൽകണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
വാഹനത്തിലെ ലോഗ് ബുക്കിൽ യാത്ര സംബന്ധിച്ച രേഖപ്പെടുത്തലുകൾ നടത്തുമ്പോൾ വാഹനത്തിൽ യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ഒപ്പ് രേഖപ്പെടുത്തണം. നിയന്ത്രണാധികാരി അല്ലാത്തവർ ഔദ്യോഗിക വാഹനം ഉപയോഗിക്കുമ്പോൾ നിയന്ത്രണാധികാരിയുടെ അനുമതിപത്രം ലോഗ് ബുക്കിൽ സൂക്ഷിച്ചിരിക്കണമെന്ന നിർദേശം ഭരണവകുപ്പ് നൽകണം.
ജില്ല ഇൻഫർമേഷൻ ഓഫീസിലെ മൂവ്മെൻറ് രജിസ്റ്റർ പരിശോധിച്ചതിൽ നിന്ന്, ലോഗ് ബുക്കിൽ ജില്ല ഇൻഫർമേഷൻ ഓഫീസർ യാത്ര ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്ന ദിവസങ്ങളിലെ യാത്ര സംബന്ധിച്ച വിവരം രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. അതിനാൽ ഓഫീസ് വിട്ടുപോകുന്ന അവസരങ്ങളിൽ ഈ വിവരം ഓഫീസിലെ മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തമെന്ന നിർദേശം ഭരണവകുപ്പ് നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.