ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം അടുത്തിരിക്കെ, മൂന്ന് പതിറ്റാണ്ട് മുമ്പ് രാമക്ഷേത്രത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ സ്വത്ത് നശിപ്പിച്ചതിനും മറ്റ് കേസുകളിൽ ഏർപ്പെട്ടതിനും ഹിന്ദുത്വ പ്രവർത്തകർക്കെതിരെ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിലും വർഗീയ സംഘർഷത്തിലും കലാശിച്ച 1992ലെ രാമക്ഷേത്ര പ്രക്ഷോഭത്തിനിടെ പൊലീസ് കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ പട്ടിക പൊലീസ് വകുപ്പ് പ്രത്യേക സംഘം രൂപീകരിച്ച് തയാറാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ വിശദീകരിച്ചു.
1992 ഡിസംബർ അഞ്ചിന് ഹുബ്ബള്ളിയിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ കട കത്തിച്ച കേസിലാണ് ശ്രീകാന്ത് പൂജാരിയെ ഹുബ്ബള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് പൂജാരി. കേസുമായി ബന്ധപ്പെട്ട് മറ്റ് എട്ട് പ്രതികൾക്കായി പൊലീസ് തിരയുകയാണ്. പൂജാരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതുപോലെ 1992നും 1996 നും ഇടയിൽ നടന്ന വർഗീയ സംഘർഷങ്ങളിൽ പ്രതികളായ 300 പേരുടെ പട്ടിക ഹുബ്ബള്ളി പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
പ്രതികളിൽ പലരും ഒളിവിലാണ്. പലരും 70 വയസ് പിന്നിട്ടവരുമാണെന്ന് പൊലീസ് പറഞ്ഞു. അതിൽ പലരും സുപ്രധാന പദവികൾ വഹിക്കുന്നവരുമാണ്. അതിനാൽ നിയമനടപടിയെടുത്താൽ അതിന്റെ അനന്തരഫലത്തെ കുറിച്ചുള്ള ആശങ്കയും പൊലീസിനെ വലക്കുന്നുണ്ട്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ കോൺഗ്രസ് സർക്കാർ പൊലീസ് കർശന നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാമജന്മഭൂമി പ്രസ്ഥാനത്തിലെ നിരവധി വ്യക്തികൾ ഇപ്പോൾ പ്രമുഖ ബി.ജെ.പി നേതാക്കളാണെന്നും ബി.ജെ.പി അധികാരത്തിലിരുന്നപ്പോൾ ഇവർക്കെതിരായ കേസുകൾ ഒഴിവാക്കിയെന്നും വൃത്തങ്ങൾ പറഞ്ഞു. അതിനിടെ, കോൺഗ്രസ് സർക്കാരിന്റെ നീക്കത്തിനെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.