തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകയുക്തയുടെ ഫുൾ ബെഞ്ച് തള്ളിയതിനെതിരെ ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി ഫയൽ ചെയ്തുവെന്ന് പരാതിക്കാരനായ ആർ.എസ് ശശികുമാർ അറിയിച്ചു. മുഖ്യമന്ത്രി ഉൾപ്പടെ പതിനേഴു മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയ ഹരജിയിൽ ലോകായുക്ത രജിസ്ട്രാറെയും എതിർ കക്ഷിയാക്കിയാണ് റിട്ട് ഹർജി ഫയൽ ചെയ്തത്.
ദുരിതാശ്വാസനിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിക്ക് സാധുതയുള്ളതായും, നിധിയിൽ നിന്നും തുക അനുവദിക്കുന്നതിൽ മന്ത്രിസഭ ഗുരുതരമായ കൃത്യവിലോപം നടത്തിയിട്ടുണ്ടെങ്കിലും തുക അനുവദിച്ചതിൽ സ്വജനപക്ഷപാതം നടന്നതായി തെളിയിക്കാനാകാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക്ജോസഫ് വിധിന്യായതിൽ വ്യക്തമാക്കിയിരുന്നു. എങ്കിലും, ഹർജിക്ക് സാധുത തന്നെ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫുൾ ബെഞ്ചിലെ മറ്റ് രണ്ട് ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ-ഉൽ റഷീദും, ജസ്റ്റിസ് ബാബു മാത്യു ജോസഫും ഹർജി തള്ളിയത്.