മലപ്പുറം: ബി.എസ്.എൻ.എൽ പൂർണമായും 4 ജി സേവനത്തിലേക്ക് മാറുമ്പോൾ ജില്ലയിൽ പുതുതായി സ്ഥാപിക്കുന്നത് 90 ടവറുകൾ. ജില്ലയിൽ നിലവിലുള്ള 451 ടവറുകൾ 4 ജി ആക്കുന്നതിന് പുറമേയാണിത്. കവറേജ് കുറവുള്ള സ്ഥലങ്ങളിൽ പുതിയ ടവറുകൾ സ്ഥാപിക്കുകയോ സേവനദാതാക്കളുടെ നിലവിലുള്ള ടവറുകൾ 4 ജി സേവനത്തിന് ഉപയോഗിക്കുകയോ ചെയ്യും. ഇതോടെ ജില്ലയിൽ ബി.എസ്.എൻ.എൽ ടവറുകളുടെ എണ്ണം 641 ആകും. ബി.എസ്.എൻ.എല്ലിന് ഏറ്റവും വരുമാനമുള്ള കേരള ടെലികോം സർക്കിളിൽ അടുത്ത ജൂണിനകം 4 ജി സേവനം എത്തുമെന്നാണ് കരുതുന്നത്. ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധന ബി.എസ്.എൻ.എൽ പ്രതീക്ഷിക്കുന്നുണ്ട്.
ടവറിൽ സ്ഥാപിക്കാനുള്ള 4 ജി ഉപകരണങ്ങൾ വൈകാതെ എത്തിച്ചുതുടങ്ങും. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച 4 ജി ഉപകരണങ്ങളാണ് ബി.എസ്.എൻ.എൽ ഉപയോഗിക്കുക. ടി.സി.എസ് (ടാറ്റ കൺസൾട്ടൻസി സർവിസ്) ആണ് 4 ജി സാങ്കേതിക വിദ്യ നൽകുന്നത്. 5 ജിയിലേക്ക് ബി.എസ്.എൻ.എല്ലിനു മാറാൻ ഈ ഉപകരണം മാറ്റേണ്ടതില്ല. 5 ജി കൂടി വഹിക്കാൻ ശേഷിയുള്ളതാണിത്. പഞ്ചാബിലെ ട്രയൽ കഴിഞ്ഞാലുടൻ കേരളത്തിൽ 4 ജി പ്രവൃത്തി ആരംഭിക്കും.#bsnl