കരുനാഗപ്പള്ളി: കെഎസ്ആർടിസിയുടെ ഭരണത്തിൽ പിടിമുറുക്കാൻ ഒരുങ്ങുകയാണെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നഷ്ടത്തിലോടുന്ന വണ്ടികൾ എന്റെ സാന്നിദ്ധ്യത്തിൽ വേണമെങ്കിൽ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ഷനില്ലാത്ത വണ്ടി ആർക്കും വേണ്ടാത്ത വണ്ടി അല്ലേ, അത് പിന്നെയും മഹത്തരമായി കൊണ്ടു നടക്കണമോ എന്നും മന്ത്രി ചോദിച്ചു.
ഭാര്യ വീട്ടുകാരെ സുഖിപ്പിക്കാൻ ഒരാൾ എംഎൽഎയെ സ്വാധീനിച്ച് ബസ് റൂട്ട് നേടിയെടുത്ത സംഭവത്തെ കുറിച്ചും മന്ത്രി സൂചിപ്പിച്ചു. ‘ഒരാൾ കണ്ണൂരിനപ്പുറത്തേക്കുള്ള സ്ഥലത്തേക്ക് വണ്ടിക്ക് അപേക്ഷിച്ചു. സ്ഥലത്തെ എംഎൽഎയുടെ നിർബന്ധം സഹിക്കവയ്യാതെ വണ്ടി കൊടുത്തു. ബസ് ഓടിക്കുന്ന സ്ഥലത്തേക്ക് ഞാൻ കണക്ക് നോക്കിയപ്പോൾ, മാസത്തിൽ നാല് പേരാണ് ബസ് ട്രിപ്പ് ആരംഭിക്കുന്ന സ്ഥലത്ത് നിന്ന് അങ്ങോട്ടേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്’.
‘അന്വേഷിച്ചപ്പോൾ എംഎൽഎയ്ക്ക് വേണ്ടപ്പെട്ടയാൾ അങ്ങോട്ടേക്ക് കല്യാണം കഴിച്ചു. അയാൾക്ക് അയാളുടെ ഭാര്യ വീട്ടുകാരുടെ മുന്നിൽ ഒന്ന് ആളാകാൻ വേണ്ടി ഒരു ബസ് എംഎൽഎയെ സ്വാധീനം ചെലുത്തി വാങ്ങിച്ചു. ഈ ബസ് കെഎസ്ആർടിസിയെ തിന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഓടിക്കണമോ എന്ന് നാട്ടുകാരും ജീവനക്കാരും ഒരുപോലെ ചിന്തിക്കണം. കെഎസ്ആർടിസിക്ക് ഫാൻസ് ഉണ്ട്. ആനവണ്ടി ഫാൻസൊക്കെയുണ്ട്. അവർ ചിന്തിക്കേണ്ട കാര്യം, ഇത് നിലനിൽക്കണമെങ്കിൽ ചില നല്ല നടപടികൾ ചെയ്യണം’- മന്ത്രി പറഞ്ഞു.
‘എംഎൽഎമാരെ വിഷമിപ്പിച്ചും പഞ്ചായത്ത് മെമ്പർമാരെ നാണം കെടുത്തിയും പൊതുപ്രവർത്തകരെ അപമാനിച്ചുമല്ല നടത്താൻ പോകുന്നത്. കണ്ണൂരേക്ക് പോകുന്ന വണ്ടി നഷ്ടമാണെന്ന് മനസിലായാൽ ആ വണ്ടി എവിടെ വരെ കളക്ഷനുണ്ടെന്ന് നോക്കും. തലശേരി വരെ അല്ലെങ്കിൽ കോഴിക്കോട് വരെ കളക്ഷനുണ്ടെങ്കിൽ ആ ബസ് അവിടെ വച്ച് നിർത്തും. അത് മതി, അതിനപ്പുറത്തേക്ക് ഈ വണ്ടി ആവശ്യമില്ലാത്തത് കൊണ്ടല്ലേ അരും കയറാത്തത്. ആവശ്യമുണ്ടെങ്കിൽ ബസ് നിറഞ്ഞ് പോകില്ലേ’- ഗണേഷ് കുമാർ ചോദിച്ചു.